കാട്ടുപോത്തിനെ വേട്ടയാടിവരെ സംരക്ഷിക്കാന്‍ കാളയെ കൊന്നു കുഴിച്ചിട്ടു; ഗുരുനാഥന്‍മണ്ണില്‍ വനപാലകര്‍ക്കെതിരേ നടപടി തുടങ്ങി

പത്തനംതിട്ട: കാട്ടുപോത്ത് വേട്ടക്കാരെ സംരക്ഷിക്കാന്‍ കാളയെ കൊന്നു കുഴിച്ചിട്ടു. സംഭവത്തില്‍ ഗുരുനാഥന്‍മണ്ണില്‍ വനപാലകര്‍ക്കെതിരേ നടപടി തുടങ്ങി. പ്രതികളില്‍നിന്ന് പണംവാങ്ങി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ നാല് വനപാലകരെ സസ്‌പെന്റ് ചെയ്യുകയും രണ്ടുപേരെ സ്ഥലംമാറ്റുകയും ചെയ്തു. ഗുരുനാഥന്‍മണ്ണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എസ് അനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി ജി സജികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എച്ച് ഷാജി, എസ് എസ് ആത്മപ്രതീഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവം അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതിന് ബിഎഫ്ഒമാരായ ജി എസ് പ്രദീപിനെയും എം എ ഷാജിയെയുമാണ് സ്ഥലംമാറ്റിയത്.

കാട്ടുപോത്തിനെ വെടിവച്ചുകൊന്ന് ഇറച്ചി പാകംചെയ്യുന്നു എന്ന രഹസ്യവിവരം ലഭിച്ച് സംഭവസ്ഥലത്തെത്തിയിട്ടും കേസെടുക്കാതെ മടങ്ങിപ്പോന്നതിന്റെ പേരിലാണ് നടപടി. തുടര്‍ന്ന് കേസന്വേഷണം വഴിതെറ്റിക്കാന്‍ കാളയെ കൊന്ന് കുഴിച്ചിടുകയായിരുന്നു. പ്രതികളും വനപാലകരും ചേര്‍ന്ന് തെളിവില്ലാതാക്കാന്‍ ശ്രമിച്ചുവെന്നു വ്യക്തമായിട്ടുണ്ട്. രണ്ടുലക്ഷത്തോളം രൂപയുടെ ഇടപാട് നടന്നതായാണ് സൂചന. ഇതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.

വെടിവച്ചുകൊന്ന കാട്ടുപോത്തിന്റെ തലയും തോക്കും കണ്ടെടുത്തതോടെ അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമം പൊളിയുകയായിരുന്നു. നേരത്തെ വനസംരക്ഷണ സമിതിയുടെ നാലുലക്ഷം രൂപ തട്ടിയെടുത്ത കേസിലും വ്യാജവാറ്റുകാരില്‍നിന്ന് പണംവാങ്ങിയ കേസിലും പിടിയിലായവരും ഇവരിലുണ്ട്. ഇവര്‍ക്കെതിരേ കൂടുതല്‍ നടപടി ഉണ്ടായേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →