ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടെ പാംഗോങ് തടാകത്തില്‍നിന്ന് 200 കിലോമീറ്റര്‍ ദൂരത്ത് വ്യോമത്താവളത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളും ലാന്‍ഡ് ചെയ്യാന്‍ പര്യാപ്തമായ വ്യോമത്താവളമാണ് ചൈന ഇവിടെ നിര്‍മിച്ചത്. ചൈനീസ് യുദ്ധവിമാനങ്ങള്‍ ഇവിടെ നിരന്തരം വന്നുപോവുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജെ 11, ജെ 16 ഇനത്തില്‍പ്പെട്ട യുദ്ധവിമാനങ്ങളാണവ. റഷ്യയില്‍നിന്ന് ഇന്ത്യ മുമ്പ് വാങ്ങിയിട്ടുള്ള സുഖോയ് യുദ്ധവിമാനങ്ങളുടെ പ്രഹരശേഷിയുള്ളതാണ് ജെ സീരീസിലുള്ള ചൈനീസ് യുദ്ധവിമാനങ്ങള്‍.
2019 ഡിസംബര്‍ മുതല്‍ ചൈന ഇവിടെ നിരന്തരം വ്യോമത്താവള നിര്‍മാണം, യുദ്ധവിമാനങ്ങളുടെ പരീക്ഷണപ്പറക്കല്‍, യുദ്ധോപകരണങ്ങളുടെ ദ്രുതഗതിയിലുള്ള നീക്കം തുടങ്ങിയവ നടത്തിവരുകയാണ്. കൂടാതെ ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സേനയോട് ഒരു യുദ്ധത്തിന് തയ്യാറായിരിക്കാന്‍ ചിങ്പിങ് ആഹ്വാനം ചെയ്തതായ റിപ്പോര്‍ട്ടുകള്‍ ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
ചൈന ഇത്തരത്തില്‍ നിരന്തരം പ്രകോപനപരമായി ഇടപെടുന്നതിനെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി അടിയന്തരയോഗം വിളിച്ചു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായി മോഡി കൂടിക്കാഴ്ച നടത്തി. യോഗത്തിനുമുമ്പ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷഭരിതമായ സാഹചര്യം കരസേന മേധാവി ജനറല്‍ എം എം നരവനെ പ്രതിരോധമന്ത്രിയോട് വിശദീകരിച്ചു. ചൈനയുടെ ഏതുനീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ചൈനീസ് സേനയോ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിംങ് :
എന്തു മോശമായ സാഹചര്യവും നേരിടാൻ തയ്യാറാകണം എന്ന് സേനയോട് പ്രസിഡൻറ് പറഞ്ഞു. പീപ്പിൾസ് ലിബറേഷൻ ആർമി പീപ്പിൾസ് ആമ്ഡ് പോലീസ് ഫോഴ്സ് എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് യുദ്ധ സജ്ജരാക്കാൻ ഷിയുടെ ആഹ്വാനം.

