തിരുപ്പതി: ക്ഷേത്രസ്വത്തുക്കള്‍ വില്‍ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് തിരുപ്പതി ദേവസ്വത്തോട് ആന്ധ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ 50 സ്ഥാവരസ്വത്തുക്കള്‍ ലേലംചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇടപെട്ട് ലേലം താല്‍കാലികമായി നിറുത്തിവച്ചത്. തീരുമാനം പുനപ്പരിശോധിക്കാന്‍ ക്ഷേത്ര അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി, ജനസേന പാര്‍ട്ടി, സിപിഎം, കോണ്‍ഗ്രസ്, ടിഡിപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ലേലനീക്കത്തെ എതിര്‍ത്തതോടെയാണ് സര്‍ക്കാര്‍ ഈ നിലപാടു സ്വീകരിച്ചത്. വെങ്കടേശ്വര ക്ഷേത്രത്തിന് സ്വത്തുക്കള്‍ സംഭാവന ചെയ്തവര്‍ക്ക് ഈ നടപടി മനപ്രയാസം ഉണ്ടാക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു.
സ്വത്തുകളില്‍പ്പെട്ട ചെറിയ വീടുകളും കൃഷിയിടങ്ങളുമുള്‍പ്പെടെ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേലംചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഭക്തര്‍ സംഭാവന ചെയ്തതാണ് ഇവയെല്ലാം. എന്നാല്‍, ട്രസ്റ്റിന് വരുമാനമില്ലാതായതോടെയാണ് ഇവ ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ആകെ 24 കോടി രൂപ ലേലത്തില്‍ ലഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ സൂചിപ്പിച്ചു.