കോട്ടയം ജില്ലയുടെ മലയോരമേഖലയില്‍ ഡെങ്കിപ്പനി പടരുന്നു

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയുടെ മലയോരമേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 14ാം വാര്‍ഡില്‍ ഒരുമാസം മുമ്പ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നിരവധിപേര്‍ക്ക് രോഗം പിടിപ്പെട്ടതായി കണ്ടെത്തി. മേഖലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ എട്ടും പാറത്തോട്ടില്‍ അഞ്ചും കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാറത്തോട് പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ മിച്ചഭൂമിഭാഗത്ത് കഴിഞ്ഞദിവസം രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മേഖലയില്‍ പകര്‍ച്ചപ്പനിയും വ്യാപകമായി പടര്‍ന്നുപിടിക്കുന്നുണ്ട്. റബര്‍പാല്‍ എടുത്തശേഷം കമഴ്ത്തി വയ്ക്കാത്ത ചിരട്ടകളില്‍ വെള്ളംനിറഞ്ഞ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുകയാണ്. വീടുകള്‍തോറും പ്രചാരണവും സന്ദേശവുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →