കൊല്ലം: കുഞ്ഞിനെ ഉത്തരയുടെ മാതാപിതാക്കള്‍ക്കു കൈമാറും. ഉത്തരയുടെ കൊലപാതകത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഉത്തരയുടെ കുഞ്ഞിനെ തങ്ങള്‍ക്കു കൈമാറണമെന്ന ഉത്തരയുടെ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് കൊല്ലം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവായിട്ടുമുണ്ട്.
വിവാഹംകഴിഞ്ഞ് ഏഴുവര്‍ഷത്തിനകമുള്ള മരണമായതുകൊണ്ട് സ്ത്രീധന നിരോധന നിയമപ്രകാരവും ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരവും ഉത്തരയുടെ ഭര്‍ത്താവ് സൂരജിനും ഭര്‍തൃകുടുംബാംഗങ്ങള്‍ക്കുമെതിരേ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഉത്തരയുടെ വീട് സന്ദര്‍ശിച്ച ഡോ. ഷാഹിദാ കമാല്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഭര്‍ത്താവ് സൂരജ് കഴിഞ്ഞ ദിവസം പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഉത്തരയെ കൊലപ്പെടുത്തിയത്. അവരുടെ 13 മാസം പ്രായമുള്ള കുഞ്ഞ് നിലവില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. നേരത്തെ സൂരജും കുടുംബവും ആവശ്യപ്പെട്ടതനുസരിച്ചാണ് കുഞ്ഞിനെ പിതാവിന്റെ കുടുംബത്തിനു നല്‍കിയത്.