വൂഹാന്‍ വൈറോളജി ലാബില്‍ മൂന്നുതരം കൊറോണ വൈറസുകള്‍ ഉണ്ടെന്ന് ചൈന സമ്മതിച്ചു; അവ ശക്തികുറഞ്ഞവയാണ്. ഇപ്പോഴത്തെ രോഗബാധ മറ്റ് ഉറവിടങ്ങളില്‍നിന്നാണെന്നും അവര്‍ വാദിക്കുന്നു

വുഹാന്‍ ലാബ്, ഫയല്‍ ചിത്രം

ബീജിങ്: വൂഹാന്‍ വൈറോളജി ലാബില്‍ മൂന്നുതരം കൊറോണ വൈറസുകള്‍ ഉണ്ടെന്ന് ചൈന സമ്മതിച്ചു. എന്നാല്‍, അത് തീരെ ശക്തികുറഞ്ഞവയാണ്. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നിട്ടുള്ള രോഗബാധ മറ്റ് ഉറവിടങ്ങളില്‍നിന്നാണെന്നും ചൈന ശക്തിയുക്തം വാദിക്കുകയാണ്. വൂഹാനിലെ വെറ്റ് മാര്‍ക്കറ്റിലാണ് കൊവിഡ് ആദ്യം കണ്ടെത്തിയത്. എന്നാല്‍, അത് ചൈനയിലെ വൈറോളജി ലാബിന്റെ സൃഷ്ടിയല്ല. ലാബില്‍ മൂന്നുതരത്തിലുള്ള വൈറസുണ്ട്. അവയ്ക്ക് ഇപ്പോള്‍ കാണുന്ന വൈറസിനോളം ശക്തിയില്ലെന്നും വൂഹാന്‍ ലാബ് ഡയറക്ടര്‍ വാങ് യാന്‍യി പറയുന്നു. ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുള്ള ഇനം വൈറസല്ല ലാബിലുള്ളതെന്നും അതിന്റെ ജനിതകഘടന വ്യത്യസ്തമാണെന്നും ലാബ് ഡയറക്ടര്‍ പറഞ്ഞു.

ചൈനയിലെ വുഹാനിലാണ് കൊവിഡ്- 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മൂന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ ലോകത്താകെ ഈ രോഗം ബാധിച്ച് മരിച്ചു. വവ്വാലുകളില്‍നിന്നാണ് വൈറസ് മനുഷ്യരിലെത്തിയത്. വൂഹാനിലെ ലാബിലുള്ള വൈറസ് വവ്വാലുകളില്‍ സാധാരണ കാണപ്പെടുന്നതാണ്. ലാബില്‍നിന്ന് വൈറസ് വ്യാപനം നടന്നെന്ന ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും ഡയറക്ടര്‍ പറയുന്നു.

ലാബില്‍നിന്ന് ഒരിക്കലും വൈറസ് പുറത്തെത്തില്ലെന്നാണ് ഡയറക്ടര്‍ പറയുന്നത്. വൂഹാനിലെ ലാബ് ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. നിലവിലുള്ള നോവല്‍ കൊറോണ വൈറസുകളുടെ ശക്തി ഈ വൈറസുകള്‍ക്കില്ലെന്നും ലാബ് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍, ചൈനക്കെതിരേ അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ കൊവിഡിന്റെ ഉറവിടത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനു തടയിടാനാണ് ചൈനയുടെ പുതിയ വെളിപ്പെടുത്തലെന്ന ആരോപണവും ശക്തമാണ്.

Share
അഭിപ്രായം എഴുതാം