സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: കാലടി ശിവരാത്രി മണല്‍പുറത്ത് താല്‍ക്കാലികമായി കെട്ടിയ സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ 73 വര്‍ഷമായി പെരിയാറിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന മണല്‍തിട്ടയിലാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. ശിവരാത്രി ആഘോഷസമിതി എന്ന സംഘടനയുടെ നേതത്വത്തിലാണ് ശിവരാത്രി ആഘോഷം നടത്തുക. ശിവരാത്രി ആഘോഷസമിതിയുടെ അനുമതിയോടെയാണ് സിനിമാ ഷൂട്ടിങ്ങിനായി അവിടെ താല്‍ക്കാലിക സെറ്റ് ഇട്ടത്.

അതിക്രമം കാണിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ഒരു ബന്ധവുമില്ല. അങ്ങനെ പൊളിക്കേണ്ടതാണെങ്കില്‍ പൊളിച്ചുകളയാന്‍ സംഘത്തിന് ഒരു ക്വട്ടേഷന്‍ സംഘത്തിന്റെയും സഹായം വേണ്ട. ആലുവ ശിവരാത്രി മണപ്പുറത്തെ എസ്ഡിപിഐ കെട്ടിയ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് ഇതുകളയാനും മറ്റാരുടേയും സഹായം വേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പ്രശ്‌നത്തെ സംബന്ധിച്ച സംഘപരിവാര സംഘടനകളുടെ ഔദ്യോഗിക വിശദികരണമാണിത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാലടി ശിവരാത്രി മണപ്പുറത്ത് താല്‍ക്കാലികമായി കെട്ടിയ സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതുമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ 73 വര്‍ഷമായി പെരിയാറിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന മണല്‍ തിട്ടയിലാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. ചെറിയ ഒരു ക്ഷേത്രവും അവിടെയുണ്ട്. ശിവരാത്രി ആഘോഷസമിതി എന്ന ഒരു രജിസ്ട്രഡ് സംഘടനയുടെ നേതത്വത്തിലാണ് ശിവരാത്രി ആഘോഷം നടത്തുന്നത്. പഞ്ചായത്തിന്റെ അനുമതിയോടെ ശിവരാത്രിക്ക് ഭക്തജനങ്ങള്‍ക്കുവേണ്ടി താല്‍ക്കാലിക പാലവും കെട്ടാറുണ്ട്. എല്ലാ വര്‍ഷവും ആയിരങ്ങള്‍ ശിവരാത്രിനാളില്‍ ബലിതര്‍പ്പണത്തിന് എത്തിച്ചേരാറുമുണ്ട്.

ശിവരാത്രി ആഘോഷസമിതിയുടെ അനുമതിയോടെയാണ് സിനിമാ ഷൂട്ടിങ്ങിനായി അവിടെ താല്‍ക്കാലിക സെറ്റ് തീര്‍ത്തത്. അവരുമായി ഒരു എഗ്രിമെന്റും ഉണ്ട്. എന്നാല്‍, ലോക്ഡൗണ്‍ വന്നതോടെ ഷൂട്ടിങ്ങ് പൂര്‍ത്തികരിക്കാനായില്ല. ആഘോഷസമിതി പ്രസിഡന്റും വിഎച്ച്പി പ്രഖണ്ഡ് പ്രസിഡന്റുമായ സുബിന്‍കുമാറിനോട് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി (ഇന്നും, നാളെയും) സെറ്റ് പൊളിച്ച് നീക്കാമെന്ന് സിനിമാക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒരുകൂട്ടം ആളുകള്‍ (ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണെന്നാണ് കാലടിക്കാര്‍ പറഞ്ഞത്) അതിക്രമം കാണിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ഒരു ബന്ധവുമില്ല.

അങ്ങനെ പൊളിക്കണ്ടതാണെങ്കില്‍ പൊളിച്ചുകളയാന്‍ സംഘപരിവാരത്തിന് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായവും വേണ്ട. ആലുവ ശിവരാത്രി മണപ്പുറത്തെ എസ്ഡിപിഐ കെട്ടിയ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് ഇതുകളയാനും മറ്റാരുടേയും സഹായം വേണ്ടതില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →