ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്ന് വെട്ടുകിളികള്‍ അതിര്‍ത്തികടന്ന് വടക്കേ ഇന്ത്യയിലേക്ക് വ്യാപിക്കുന്നു. ഇവ വ്യാപക വിളനാശത്തിനു കാരണമാവുകയാണ്. രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി വിളകള്‍ നശിപ്പിക്കുകയാണ് ഇവ. മധ്യപ്രദേശില്‍ 27 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇവയെ നിയന്ത്രിച്ചില്ലെങ്കില്‍ മധ്യപ്രദേശില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
വൈകീട്ട് ഏഴുമുതല്‍ ഒമ്പത് മണിവരെയുള്ള സമയത്ത് ഇവ വിശ്രമിക്കുമെന്നും ഈ സമയത്ത് കീടനാശിനി തളിച്ച് ഇവയെ നശിപ്പിക്കണമെന്നുമാണ് ഗവേഷകര്‍ നല്കുന്ന ഉപദേശം. നിലവില്‍ സംസ്ഥാനത്ത് പച്ചക്കറി, പഴ കൃഷികള്‍ക്ക് നേരെയാണ് വെട്ടുകിളി ആക്രമണമുണ്ടായത്. പരുത്തി, മുളക് കൃഷികള്‍ക്കും ഇവ ഭീഷണി സൃഷ്ടിച്ചേക്കുമോ എന്ന ആശങ്കയുണ്ട്. വെട്ടുകിളികളെ നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് എണ്ണായിരം കോടി രൂപയുടെ കൃഷി നാശം ഇവ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
വെട്ടുകിളിയെന്നാണ് പേരെങ്കിലും പുല്ച്ചാടിയുമായി സാദൃശ്യമുള്ള ഒരിനം ചെറുജീവിയാണിത്. വെട്ടുകിളികള്‍ കോടിക്കണക്കിനുള്ള സംഘമായാണ് സഞ്ചരിക്കുന്നത്. കൂട്ടമായി പറന്നുപോവുന്നതുകണ്ടാല് കാര്‍മേഘം സഞ്ചരിക്കുന്നതായി നമുക്കുതോന്നും. ഇവ പറന്നിറങ്ങിയാല്‍ പച്ചില കാണുന്നതു മുഴുവന്‍ അകത്താക്കും. കൃഷിചെയ്തതും പാഴ്ച്ചെടികളും എന്നുവേണ്ടാ സകല പച്ചിലകളും ഭക്ഷിച്ചുതീര്‍ത്തിട്ട് അടുത്ത ദിക്കിലേക്ക് പറക്കുകയാണു ചെയ്യുന്നത്. സസ്യലതാദികള്‍ മുഴുവന്‍ ഭക്ഷിച്ചുതീര്ക്കുന്നതിനാല് പിന്നീട് മാസങ്ങളോളം മേഖലയിലെ കന്നുകാലികള്‍പോലും പട്ടിണിയായിപ്പോകുന്നു

