ലോക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് 29 ലക്ഷത്തിലേറെ പേര്‍ രോഗബാധിതരാവുമായിരുന്നുവെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് 29 ലക്ഷത്തിലേറെ പേര്‍ കൊവിഡ്- 19 രോഗബാധിതരാവുമായിരുന്നുവെന്ന് നീതി ആയോഗ് അംഗം വിനോദ് പൗള്‍ പ്രസ്താവിച്ചു. ഒന്നും രണ്ടും ഘട്ട ലോക്ഡൗണുകളിലൂടെയാണ് ഈ നേട്ടം ഉണ്ടാക്കാനായത്. ഇതിലൂടെ 54,000 മരണങ്ങളും തടയാനായി. രാജ്യം ശരിയായ വഴിയിലൂടെയാണ് നീങ്ങുന്നത്. സാഹചര്യം തീരെ മോശമാകുമായിരുന്നു. എന്നാല്‍, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ അങ്ങനെ സംഭവിച്ചില്ല. മാര്‍ച്ച് 25ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം നടത്തിയ വിവിധ പഠനങ്ങളിലാണ് ഈ വിവരങ്ങളുള്ളത്.

80 ശതമാനം പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. 95 ശതമാനം മരണവും സംഭവിച്ചിരിക്കുന്നത് 10 സംസ്ഥാനങ്ങളില്‍നിന്നാണ്. അതില്‍ 70 ശതമാനവും നഗരങ്ങളിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. മുംബൈ, അഹ്മദാബാദ്, പൂനെ, ഡല്‍ഹി, കല്‍ക്കത്ത, ഇന്‍ഡോര്‍, താനെ, ജയ്പൂര്‍, ചെന്നൈ, സൂറത്ത് എന്നിവയാണ് നഗരങ്ങള്‍. ലോക്ഡൗണിലൂടെ സര്‍ക്കാരിന് രോഗപരിശോധനയ്ക്കും ആശുപത്രികള്‍ സജ്ജീകരിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാനും അവസരം ലഭിച്ചുവെന്ന് വിനോദ് പൗള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →