ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ ഭീകരന്‍ മുഹമ്മദ് ഇബ്രാഹീം സുബൈറിനെ അമേരിക്ക ഇന്ത്യക്ക് കൈമാറി. 2020 ഏപ്രില്‍ 19ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ച ഇയാളെ അമൃത്സറിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായ സുബൈറിനെ വിട്ടുകിട്ടുന്നതു സംബന്ധിച്ച് ഇന്ത്യയും യുഎസുമായി കുറേനാളായി ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു. സുബൈര്‍ ഹൈദരാബാദ് സ്വദേശിയാണ്. ഇയാളുടെ സഹോദരന്‍ ഇപ്പോഴും യുഎസ് ജയിലിലാണ്.
യുഎസില്‍നിന്നു വിവിധ കാരണങ്ങളാല്‍ പുറത്താക്കപ്പെട്ട 167 പേര്‍ക്കൊപ്പമാണു സുബൈറിനെ ഇന്ത്യയിലെത്തിച്ചത്. അല്‍ഖ്വയ്ദ പ്രവര്‍ത്തകന്‍ അന്‍വര്‍ അല്‍ അവ്ലാക്കിക്ക് സഹായംചെയ്ത കേസില്‍ 2015ല്‍ അറസ്റ്റിലായ സുബൈര്‍ രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനായതോടെയാണ് ഇയാളെ ഇന്ത്യക്കു വിട്ടുനല്‍കിയത്.