മെല്‍ബണ്‍: അതിവേഗ ഇന്റര്‍നെറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ആയിരം എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അര സെക്കന്‍ഡ് മതി. കേട്ടിട്ട് വിശ്വാസം വരുന്നില്ല, അല്ലേ. ഇത്തരമൊരു നേട്ടം സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയയിലെ മൊണാഷ്, സ്വിന്‍ബേണ്‍, ആര്‍എംഐടി സര്‍വകലാശാലകളുടെ സംയുക്ത ഗവേഷകസംഘം രംഗത്തുവന്നു. ഡേറ്റാ ഒപ്റ്റിക്‌സ്, ടെലികമ്യൂണിക്കേഷന്‍ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുന്നതാണ് ഈ കണ്ടുപിടിത്തം.
80 ലേസറുകള്‍ക്ക് പകരം മൈക്രോ കോംബ് എന്ന ഒറ്റ ഉപകരണം മാത്രം ഉപയോഗിച്ചാണ് ഇതു സാധിച്ചതെന്നും ഗവേഷകര്‍ പറഞ്ഞു. സെക്കന്‍ഡില്‍ 44.2 ടെട്രാബൈറ്റാണിതിന്റെ വേഗം. ഒരൊറ്റ ഒപ്റ്റിക്കല്‍ ചിപ്പിലൂടെ ഇതേവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് വേഗമാണിത്. മെല്‍ബണില്‍ 76.6 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ഡാര്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ലോഡ് ടെസ്റ്റ് നടത്തി ഇതിന്റെ പ്രവര്‍ത്തന മികവ് പരിശോധിച്ചെന്നും ഇവര്‍ പറയുന്നു. ഇവരുടെ കണ്ടെത്തലുകള്‍ നേച്ചര്‍ കമ്യൂണിക്കേഷന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.