തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നല്‍കിയതില്‍ വഖ്ഫ് ബോര്‍ഡില്‍ ഭരണ- പ്രതിപക്ഷ ചേരിതിരിവ്. സാമ്പത്തിക പ്രതിസന്ധി മൂലം ഖത്തീബുമാര്‍, ഇമാം, മുഅദ്ദിന്, മദ്റസ അധ്യാപകര്‍ എന്നിവര്‍ക്ക് സഹായം നല്‍കുന്നത് മാറ്റിവച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കിയ വഖ്ഫ് ബോര്‍ഡ് തീരുമാനത്തിലാണ് വിവാദം ഉണ്ടായിരിക്കുന്നത്. മന്ത്രി ജലീലിന്റെ അധ്യക്ഷതയില്‍ മേയ് 13ന് ചേര്‍ന്ന സാമൂഹിക സുരക്ഷാ സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ വഖ്ഫ് സ്ഥാപനങ്ങളിലെ 588 ജീവനക്കാര്‍ക്ക് പെന്ഷന്, 260 പേര്‍ക്ക് സഹായം, 2010 പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം എന്നിവയടക്കം മൂന്നുകോടിയിലധികം രൂപ ബോര്‍ഡിന്റെ ഫണ്ടില്‍നിന്ന് നല്കാന് തീരുമാനിച്ചിരുന്നു. ബോര്‍ഡ് ചെയര്മാന് ടി കെ ഹംസയും അംഗങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു.
തൊട്ടടുത്ത ദിവസം ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗത്തില്‍ ചികിത്സാ സഹായവും വിവാഹ സഹായവും ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ചെയര്മാന് അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും നല്കാന് തീരുമാനിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത പി ഉബൈദുല്ല എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍ എന്നിവര്‍ ഈ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും 25 ലക്ഷം രൂപ വരെ നല്‍കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സര്‍ക്കാരിനെ അനുകൂലിക്കുന്ന ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ഒരു കോടി രൂപ നല്കാന് തീരുമാനിക്കുകയായിരുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

