ഹൈദരാബാദ്: ഹൈദരാബാദിലെ തെരുവില്‍നിന്ന് തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം സ്ഥിരം മദ്യപാനിയായ മാതാവിനു സംരക്ഷിക്കാനാവില്ലെന്നുകണ്ട് പൊലീസ് ശിശുക്ഷേമ വകുപ്പിന് കൈമാറി. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. കുഞ്ഞുമായി ഇടപഴകിയ മാതാവും മാധ്യമപ്രവര്‍ത്തകരും പൊലീസും ഉള്‍പ്പെടെ 22 പേരെ ക്വാറന്റൈനിലാക്കി.
ബുധനാഴ്ച കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ചാണ് 22കാരി പൊലീസില്‍ പരാതി നല്‍കിയത്. ആസമയം യുവതി മദ്യലഹരിയിലായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം തട്ടിക്കൊണ്ടു പോയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 27കാരനായ ഇബ്രാഹീം എന്നയാളായിരുന്നു പ്രതി. തനിക്കു പിറന്ന ആണ്‍മക്കളെല്ലാം രോഗംമൂലം മരിച്ചുപോയെന്നും ഒരു ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹംകൊണ്ടാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും ഇബ്രാഹീം പൊലീസിനോട് പറഞ്ഞു.