ഇടുക്കി: രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത ബേക്കറിക്കാരന് കൊറോണ വൈറസ് ബാധ; സമ്പര്‍ക്കത്തില്‍ 1000ലധികം പേര്‍. റാന്‍ഡം പരിശോധനയുടെ ഭാഗമായി എടുത്ത സാംപിള്‍ പോസിറ്റീവായ ബേക്കറിയുടമയ്ക്ക് രോഗാണുബാധ ഉണ്ടായതെങ്ങനെയെന്നു കണ്ടെത്താനാകാതെ ആരോഗ്യപ്രവര്‍ത്തകര്‍ കുഴങ്ങുന്നു. സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണംപെരുകുന്ന സാഹചര്യത്തില്‍ ഇടുക്കി പുറ്റടിയില്‍ ബേക്കറി ഉടമയുമായി ബന്ധപ്പെട്ട സമ്പര്‍ക്കപട്ടിക തയ്യാറാക്കുകയെന്നത് ദുഷ്‌കരമായി മാറുകയാണ്.
രോഗലക്ഷണമൊന്നും കാണിക്കാത്തവരെ പരിശോധിച്ച കൂട്ടത്തില്‍ മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തില്‍നിന്ന് സ്രവം ശേഖരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വന്ന പരിശോധനാഫലം പോസിറ്റീവായതോടെ ആശുപത്രിയിലേക്കു മാറ്റി. തമിഴ്‌നാട് സ്വദേശികള്‍ ഏറെ വന്നുപോവുന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ബേക്കറി പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നു വന്നവരുള്‍പ്പെടെ അനേകരുമായി കടയില്‍ ഇടപെട്ട ഇയാള്‍ക്ക് രോഗാണുബാധ ഉണ്ടായത് എവിടെനിന്നാണെന്നു കണ്ടെത്തുക ദുഷ്‌കരമാണ്.
നേരത്തേ കരുണാപുരത്ത് മറ്റൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിലും ഇയാളുമായി ബേക്കറി ഉടമയ്ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നില്ല. കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴി തമിഴ്‌നാട്ടില്‍നിന്ന് വരാറുള്ള ലോറി ഡ്രൈവര്‍മാരുമായി ഇദ്ദേഹം ബേക്കറിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആഹാരസാധനങ്ങളും മറ്റും നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ അവരില്‍നിന്നാവാം രോഗാണുബാധ ഉണ്ടായതെന്ന അനുമാനത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
ബേക്കറിയിലും വീടിന്റെ പരിസരത്തുമായി ആയിരത്തോളം പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇവരെയെല്ലാം നിരീക്ഷണത്തില്‍ വയ്ക്കാനായി തേടിപ്പിടിക്കുകയെന്നത് ആരോഗ്യവിഭാഗത്തിന് ശ്രമകരമാണ്. ബേക്കറി വ്യാഴാഴ്ച ഉച്ചയോടെ അടച്ചു.



