കാസര്‍കോട്: എക്സൈസ് റേഞ്ച് ഓഫീസില്‍ തുള്ളിയായി സൂക്ഷിച്ചിരുന്ന വിദേശമദ്യം ഒന്നാം ലോക്ഡൗണ്‍ സമയത്ത് വിറ്റു കാശാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫീസില്‍ തൊണ്ടിമുതലായി സൂക്ഷിച്ചുവച്ചിരുന്ന അനധികൃത വിദേശമദ്യം അപ്രത്യക്ഷമായ സംഭവമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ ദാമോദരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡയറക്ടറുടെ അനുമതി ലഭിച്ചാലുടന്‍ കേസെടുക്കും.
കാസര്‍കോട്ട് ചൊവ്വാഴ്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതല്‍ കാണാതായ വിവരം പുറത്തായത്. ഒരു മാസം മുമ്പ് നടന്ന സംഭവം എക്‌സൈസ് ഉദ്യോഗസ്ഥര്‍ മൂടിവയ്ക്കുകയായിരുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് വിദേശമദ്യത്തിനുണ്ടായ ദൗര്‍ലഭ്യത്തില്‍ തൊണ്ടിസാധനം മറിച്ചുവിറ്റു എന്നാണ് സംശയിക്കുന്നത്.
2019- 20 കാലയളവില്‍ വിവിധ അബ്കാരി കേസുകളില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കിയശേഷം വിദ്യാനഗറിലെ റേഞ്ച് ഓഫീസില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന 180 മില്ലിലിറ്ററിന്റെ 600 പാക്കറ്റ് വിദേശമദ്യമാണ് കാണാനില്ലാത്തത്. ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു കടത്തികൊണ്ടുവന്നപ്പോള്‍ പിടികൂടിയവയാണ് ഈ പാക്കറ്റുകള്‍. പിടിച്ചെടുത്ത കേരള മദ്യത്തിന്റെ ഒരു ലിറ്ററിന്റെയും 500 മില്ലി ലിറ്ററിന്റെയും 50ഓളം കുപ്പികളും കാണാനില്ല. കേസ് രജിസ്റ്ററും പിടിച്ചെടുത്ത രേഖകളും തൊണ്ടിമുതല്‍ രജിസ്റ്ററും പരിശോധിച്ച കാസര്‍കോട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇത്രയും മദ്യം അപ്രത്യക്ഷ്യമായതായി കണ്ടെത്തി.
കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫിസില്‍നിന്ന് തൊണ്ടിമദ്യം കാണാതായ സംഭവം പുറത്തെത്തിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്നതാണ് രസകരമായ സംഗതി. ഇതേച്ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. സംശയം തോന്നിയ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം മേലധികാരിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കിടയില്‍ തര്‍ക്കം പുകയുന്നതിനിടെയാണ് അപ്രതീക്ഷിതമായി വിജിലന്‍സ് അധികൃതര്‍ റെയ്ഡിനെത്തിയതും തൊണ്ടിമുതല്‍ അപ്രത്യക്ഷമായ വിവരം സ്ഥിരീകരിച്ചതും.