ഇന്ന് ലോക മാതൃദിനം; വൃദ്ധമാതാവിനെ പെരുവഴിയില്‍ ഉപേക്ഷിച്ച ആണ്‍മക്കള്‍ക്കെതിരേ കേസ്

ഇടുക്കി: ലോക മാതൃദിനത്തില്‍ ഇടുക്കിജില്ലയിലെ നെടുങ്കണ്ടത്തുനിന്ന് ഒരു സങ്കടക്കാഴ്ച. ആണ്‍മക്കള്‍ ഉപേക്ഷിച്ച് തെരുവില്‍ അലയേണ്ടിവന്ന മാതാവിന്റെ കഥ. അമ്മയെ ഉപേക്ഷിച്ച ആണ്‍മക്കള്‍ക്കെതിരേ നെടുങ്കണ്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. താന്നിമൂട് ഇല്ലിക്കാനം വെച്ചൂത്താഴത്ത് തങ്കമ്മ(67)യാണ് പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ ഉണ്ടായിട്ടും ആരും സംരക്ഷിക്കാനില്ലാതെ പെരുവഴിയില്‍ അവശയായി അലയേണ്ടിവന്നത്. നെടുങ്കണ്ടം ടൗണില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞദിവസം ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിധവയായ ഇവര്‍ക്ക് നാല് മക്കള്‍ ഉണ്ടെന്നു മനസിലായി.

കുറേനാളായി തങ്കമ്മ ഇടുക്കിയിലെ മകളുടെ സംരക്ഷണത്തിലായിരുന്നു. എന്നാല്‍, മകള്‍ക്ക് അടുത്തിടെ ഉണ്ടായ ആശുപത്രി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അമ്മയെ താന്നിമൂട്ടിലുള്ള മകന്റെ വീട്ടില്‍ എത്തിച്ചിരുന്നു. ഇതില്‍ അനിഷ്ടം പ്രകടിപ്പിച്ച മകന്‍ കുടുംബസമേതം വീട് പൂട്ടിപ്പോയി. അതോടെ അമ്മ പെരുവഴിയിലുമായി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു ഭക്ഷണവും താമസവും.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പ്രശ്നപരിഹാരത്തിനായി പൊലീസ് നാല് മക്കളെയും വിളിച്ചെങ്കിലും മകള്‍ മാത്രമാണ് ഫോണ്‍ എടുത്ത് കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും തയ്യാറായത്. ഇതേത്തുടര്‍ന്നാണ് മൂന്ന് ആണ്‍മക്കള്‍ക്കെതിരേയും നെടുങ്കണ്ടെ പൊലീസ് കേസെടുത്തത്. ക്ഷീണിതയായ വൃദ്ധമാതാവിനെ താല്‍ക്കാലികമായി പഞ്ചായത്തിന്റെ സംരക്ഷണയില്‍ വിട്ടിരിക്കുകയാണ്. സംഭവം സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി നെടുങ്കണ്ടം പൊലീസ് അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →