ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ 5 പൈലറ്റുമാര്‍ക്ക് കൊറോണ വൈറസ് ബാധ. ലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിച്ചിരുന്നില്ല. ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് ചരക്ക് വിമാനം പറത്തിയിരുന്നവരാണ്. കൊറോണ വൈറസ് ബാധയുടെ ചികിത്സാ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ഏപ്രില്‍ 18 ന് ദില്ലിയില്‍ നിന്ന് ഗ്വാങ്ഷൂവിലേക്കും, ഹോങ്കോങ്ങിലേക്കും, ഷാങ്ഹായിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് ഈ അഞ്ചു പേരും ജോലി ചെയ്തിരുന്നത്.
‘വന്ദേ ഭാരത് മിഷന്‍’ പ്രകാരം പ്രവാസികളെ കൊണ്ടു വരുന്ന വിമാന പൈലറ്റുമാരെ ഈ സംഭവം ആശങ്കാകുലരാക്കി. കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുതലുള്ള ന്യൂയോര്‍ക്ക് പോലുള്ള സ്ഥലങ്ങളില്‍ പൈലറ്റുമാര്‍ക്ക് കൂടുതല്‍ സമയം തങ്ങേണ്ടി വരുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 89 പേരും അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ തൃശൂര്‍ ജില്ലയിലെ 72പേരും നിരീക്ഷണത്തിലാണ്.
സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ ക്രൂവിന് ഒരു യാത്രയ്ക്കു മുമ്പും ശേഷവും പരിശോധന നടത്തേണ്ടതുണ്ട്. ജോലിക്ക് കയറുന്നതിന് 72 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തുന്നു. നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഡ്യൂട്ടിക്ക് കയറുവാനാകൂ. തിരിച്ചെത്തി കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ അവരവരുടെ വീടുകളിലേക്ക് പോകാന്‍ അനുവാദമുള്ളൂ.

