വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മട്ടാഞ്ചേരി: പള്ളുരുത്തിയില്‍നിന്ന് വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. പള്ളുരുത്തി പള്ളിച്ചാല്‍ കനാല്‍ റോഡില്‍ ലക്ഷ്മി വീട്ടില്‍ വിഘ്‌നേശ്(30), പള്ളുരുത്തി തൈവീട്ടില്‍ ഡിബിന്‍ (34) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ ശ്രീരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിടിയിലായ ഡിബിന്‍ കൊച്ചി എആര്‍ ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസറാണ്. മറ്റൊരു പ്രതി മുവാറ്റുപുഴ സ്വദേശി ബേസില്‍ ജോസ് തൃപ്പൂണിത്തുറ എആര്‍ ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസറാണെന്ന് എക്‌സൈസ് വ്യക്തമാക്കി. ഇയാള്‍ ഒളിവിലാണ്.

വ്യാഴാഴ്ച ഉച്ചയോടെ വിഘ്‌നേശിന്റെ വീട്ടില്‍നിന്നാണ് വ്യാജ വിദേശമദ്യം പിടികൂടിയത്. അര ലിറ്റര്‍ വീതമുള്ള സ്റ്റിക്കര്‍ പതിക്കാത്ത 29 കുപ്പികളില്‍നിന്നായി പതിനാലര ലിറ്റര്‍ മദ്യമാണ് എക്‌സൈസ് പിടികൂടിയത്. തൃശൂരില്‍ നിന്നാണ് മദ്യം എത്തിക്കുന്നതെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ എക്‌സൈസിനോട് സമ്മതിച്ചു.

Share
അഭിപ്രായം എഴുതാം