ഡല്‍ഹി: ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളില്‍ 42 പേര് സ്വന്തം സംസ്ഥാനത്തേക്കുള്ള പ്രയാണത്തിനിടെ വഴിയില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാതിവഴിയിയില്‍ ജീവന് നഷ്ടപ്പെട്ടവരെക്കുറിച്ച് സേവ് ലൈഫ് ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോറികളും കാറുകളും ഇടിച്ചും ഭക്ഷണവും വെള്ളവുമില്ലാതെ തളര്‍ന്നുവീണവരുമാണ് ഇവര്‍.
റിപ്പോര്‍ട്ട് കാലയളവില്‍ ഇന്ത്യയില്‍ വാഹനാപകടങ്ങളില്‍ 140 പേര് മരിച്ചു. മരണങ്ങളില്‍ 30 ശതമാനം പേര് കുടിയേറ്റ തൊഴിലാളികളാണ്. ലോക്ഡൗണ്‍ കാലത്ത് പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ റോഡപകടമരണങ്ങള്‍ ഉണ്ടായത്. കേരളം, കര്‍ണാടകം, ഡല്‍ഹി എന്നിവിടങ്ങളിലാണ് കുറവ്. ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്താകെ വാഹനഗതാഗതം തടഞ്ഞതിനാല്‍ വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായി.
കാല്‍നടയായും സൈക്കിളിലുമായി ലക്ഷക്കണക്കിനു തൊഴിലാളികളാണ് നരകയാതനകള്‍ സഹിച്ച് സ്വന്തം സംസ്ഥാനത്തേക്കു നീങ്ങുന്നത്. കൈക്കുഞ്ഞുങ്ങളും ബാഗുകളും കെട്ടുകളുമായി നീങ്ങുന്നവരുടെ സംഘങ്ങള്‍ ഇപ്പോള്‍ ഉത്തരേന്ത്യയിലെ പതിവുകാഴ്ചയാണ്.

