മുംബൈ: മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കാഴ്ച ഭയം ജനിപ്പിക്കുന്നതാണ്. ഒപ്പം അതീവ ദയനീയവും. കൊറോണ ബാധിച്ച് മരിച്ച ആറുപേരുടെ മൃതശരീരങ്ങള്‍ കറുത്ത പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകെട്ടി രോഗികള്‍ക്കുള്ള കിടക്കയില്‍ വച്ചിരിക്കുന്നു. അതിന്റെ ഇടയില്‍ കൊറോണാ ബാധിതരായ രോഗികള്‍ ശ്വാസം എടുക്കാന്‍ ഏങ്ങിയും കിതച്ചു വിഷമിക്കുന്നു. യാതൊരു സുരക്ഷാ നടപടികളും ഇല്ലാതെ രോഗികളുമായി വന്നവര്‍ തലങ്ങും വിലങ്ങും നടക്കുന്നു.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള സയന്‍ ആശുപത്രിയില്‍ നിന്നാണ് ഈ കാഴ്ച പുറത്തുവന്നിരിക്കുന്നത്. ഇന്നലെ (06-05-2020) ആശുപത്രിയിലെത്തിയ പൊതുപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് അധികൃതരുടെ അനാസ്ഥ ലോകമറിഞ്ഞത്.
പുറത്തുവന്ന ദൃശ്യത്തില്‍ രോഗികളുടെ ബന്ധുക്കള്‍ വളരെ സാധാരണ മട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതാണ് കാണാനുള്ളത്. നടക്കുന്നവര്‍ കട്ടിലില്‍ പൊതിഞ്ഞ അടുക്കിവെച്ചിരിക്കുന്ന മൃതദേഹങ്ങളുടെ കാര്യത്തില്‍ യാതൊരു കൗതുകവും കാണിക്കുന്നില്ല. കാഴ്ചയുമായി അവര്‍ പരിചിതമായി കഴിഞ്ഞിരിക്കുന്നു എന്ന് ശരീരഭാഷയില്‍ നിന്ന് വ്യക്തമാണ്. അതിനര്‍ത്ഥം മൃതദേഹങ്ങള്‍ പൊതിഞ്ഞു കെട്ടി കട്ടിലില്‍ വച്ചിട്ട് വളരെയധികം നേരമായി എന്നാണ്. കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതശരീരങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും പ്രത്യേക മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കുകയും ആണ് ചെയ്യേണ്ടത്. ഇതൊന്നും ഇല്ല എന്ന് മാത്രമല്ല, മരിച്ചവരെയും അല്ലാത്തവരെയും വേര്‍തിരിക്കാന്‍ കഴിയാത്ത വിധത്തില്‍ ആശുപത്രിയില്‍ അടുക്കിയിടുന്ന മനുഷ്യത്വമില്ലായ്മയും ആണ് നടന്നിരിക്കുന്നത്. സാധാരണ മട്ടില്‍ ഇതിനിടയിലൂടെ രോഗികളുടെ ബന്ധുക്കള്‍ ചുറ്റിത്തിരിയുന്ന കാഴ്ചയില്‍ നിന്നുതന്നെ എന്തുകൊണ്ടാണ് മുംബൈയില്‍ കൊറോണ ബാധ ഇത്രയധികം ആയിരിക്കുന്നത് എന്ന കാര്യം വ്യക്തമാവുകയാണ്.