വിശാഖപട്ടണം : വിശാഖപട്ടണത്ത് വെങ്കിടപുരത്തുള്ള എല്‍ ജി പോളിമേഴ്‌സ് ഫാക്ടറിയില്‍നിന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വാതകം ചോര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയും കെടുതികള്‍ക്ക് ഇരയായവരുടെയും കാര്യത്തില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിയുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതായി വ്യക്തമായി. അപകടത്തെ നിസ്സാരവല്‍ക്കരിച്ചും പ്രത്യാഘാതങ്ങള്‍ കാര്യമായി ഒന്നും ഇല്ല എന്ന് വ്യാഖ്യാനിച്ചും ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഇങ്ങനെയൊരു വ്യാഖ്യാനം നല്‍കുവാന്‍ യാതൊരു ചുമതലയും ഇല്ലാത്തവരാണ് രംഗത്ത് വന്നിരിക്കുന്നത്.

ഫാക്ടറി ഉടമകളെ സംരക്ഷിക്കുന്നതിന് ഭാഗമായി ആരംഭിച്ചിരിക്കുന്ന ലോബിയിങാണ് ഇതെന്ന് സൂചനയുണ്ട്. അപകടം സംഭവിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ ന്യായീകരണക്കാര്‍ രംഗത്തിറങ്ങിയത് ദീര്‍ഘവീക്ഷണത്തോടെ കൂടി ആണ്. സുരക്ഷാ പരിഗണനകളില്ലാതെ നിരുത്തരവാദപരമായാണ് ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിച്ചത് എന്ന് വ്യവസായ മന്ത്രി പ്രതികരിച്ചിരുന്നു. ഭരണകൂടത്തിലെ ഉന്നതര്‍ തുടര്‍ന്ന് നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയോടുകൂടി അപകടത്തെ നിസ്സാരവല്‍ക്കരിച്ചു കൊണ്ട് പ്രമുഖ ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു.

Also Read… വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ മരണം പത്തായി. 5000 പേര്‍ ചികിത്സയിലാണ്.
വാതകചോര്‍ച്ചയുടെ കെടുതികള്‍ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സംഭവിച്ചിട്ടുണ്ട്. മരണം 11 ആയി. വെങ്കിട പുരത്തിനു ചുറ്റും ചെടികളും മരങ്ങളും വരെ കരിഞ്ഞു വാടി തുടങ്ങി. വളര്‍ത്തുമൃഗങ്ങളും തെരുവുനായ്ക്കളും ചത്തു വീണു കിടക്കുന്ന കാഴ്ചകളും ഉണ്ട്. ഭാവിയില്‍ ഇതില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളും വ്യാപകമായിരിക്കും. ഇതേപ്പറ്റി വിശദീകരണം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ സംഭവത്തെ നിസാരവല്‍ക്കരിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് ഫാക്ടറി ഉടമകളെ രക്ഷിക്കുവാന്‍ വേണ്ടിയാണ്. അയ്യായിരത്തിലേറെ ആളുകള്‍ ആശുപത്രിയില്‍ ആവുകയും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കെടുതികള്‍ അനുഭവപ്പെടുകയും ചെയ്ത വാതക ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ബാധ്യതകള്‍ വളരെ വലുതാണ്. അതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുവാന്‍ ആണ് ഉടമകള്‍ ശ്രമിക്കുന്നത്.

