കൊറോണ വാക്‌സിന്‍ കണ്ടെത്തിയെന്നവകാശപ്പെട്ട് ഇസ്രായേലിനു പിന്നാലെ ഇറ്റലിയും രംഗത്ത്.

റോം: ഇസ്രായേലിനു പിന്നാലെ കൊറോണ വാക്‌സിന്‍ കണ്ടെത്തിയെന്നവകാശപ്പെട്ട് ഇറ്റലിയും രംഗത്ത്. പുതുതായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ എലികളില്‍ പരീക്ഷിച്ചുവിജയിച്ചെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണം. എലിയുടെ കോശത്തിലെ കൊറോണ വൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കി. അടുത്തത് മനുഷ്യരില്‍ പരീക്ഷിക്കുന്ന നിര്‍ണായകഘട്ടമാണ്.

കൊറോണ വൈറസിനെതിരേ വാക്‌സിന്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ നടന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മോണോക്ലോണല്‍ ആന്റിബോഡി എന്നു പേരിട്ടിട്ടുള്ള മരുന്നിന്റെ പിറവി. വൈറസിന്റെ സാന്നിധ്യം ശരീരത്ത് ഉണ്ടായാലുടന്‍ ആന്റിബോഡി പ്രവര്‍ത്തിച്ചുതുടങ്ങും. തുടര്‍ന്ന് വൈറസിനെ ആക്രമിക്കുകയും നിര്‍വീര്യമാക്കുകയും ചെയ്യും. കൊവിഡിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ മരുന്ന് നിര്‍ണായക ചുവടുവയ്പ്പാണെന്നും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞിരുന്നു.

ലോകമെങ്ങുമുള്ള മരുന്നുപരീക്ഷണശാലകളില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് കൊറോണ വൈറസിനെതിരേ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. നേരത്തെ കൊറോണ വൈറസിനെതിരേയുള്ള വാക്‌സിന്‍ കണ്ടെത്തിയതായി പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ന്യൂമോണിയക്കും ഡെങ്കുപ്പനിക്കുമെതിരേ ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്‌സിന്‍ കണ്ടെത്തിയ മരുന്നുനിര്‍മാണ കമ്പനിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →