ഒരു ഇടുക്കിക്കാരന്റെ പ്രാദേശികമായ ആശങ്കകളെല്ലാം കോവിഡിനു മുന്നിൽ ഒന്നുമല്ലാതായി

അരികിലുണ്ടു നാം അകലുകില്ല നാം, ഈ അപായനാളിൽ കരതലം തൊടാതെയിങ്ങനെ… ഇങ്ങനെയാണിപ്പോൾ എനിക്ക് എഴുതാൻ തോന്നുന്നത്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ കെൽപ്പുള്ള മലയാളി. ദുരിതനാളുകളെ അതിജീവിച്ച് പ്രത്യാശയുടെ അഭയ കുടീരങ്ങളിൽ എത്തി സഹജീവികളെക്കൂടി സംരക്ഷിക്കാൻ വെമ്പുന്ന എൻ്റെ നാട്ടുകാർ…. സൗജന്യമാസ്ക്കുവിതരണം, സമൂഹ അടുക്കളകൾ പകരുന്ന സാമൂഹ്യപാഠങ്ങൾ. മരുന്നും, ഭക്ഷ്യവസ്തുക്കളും അശരണരിലെത്തിക്കുന്ന കരുതൽകരങ്ങൾ. നമ്മൾ നൻമയുടെ ഭൂതകാലഹർഷവിസ്മയങ്ങൾ പങ്കു വയ്ക്കുകയാണ്. ഇപ്പോൾ നാട്യപ്രധാനമായ നഗരമെന്നോ, നൻമകളാൽ സമൃദ്ധമായ നാട്ടിൻപുറമെന്നോ വ്യത്യാസമില്ല. ഈ കോവിഡ് കാലത്ത് മനസ്സിൽ തെളിയുന്നത് ജാഗ്രതാമുനമ്പിൽ ഊണും, ഉറക്കവുമില്ലാതെ നിൽക്കുന്നവരാണ്. ഒന്നരമാസം പിന്നിടുമ്പോഴും അവർക്ക് ക്ഷീണമൊ, പരിഭവമോ,പരാതിയൊയില്ല.അവരാണ് ഈ സമരമുഖത്തെ യഥാർത്ഥ ഹീറോകൾ…

മലയോരകർഷകർ ഇപ്പോൾ ഒരു കാര്യം തിരിച്ചറിയുന്നുണ്ട്, ഭാവികാലം സുരക്ഷിതമല്ല, പ്ലാവും, മാവും, പാലും, പശുക്കളുമെല്ലാം കരുതൽ ശേഖരമാകും, തിന്നാൻ എന്തെങ്കിലും നട്ടുവയ്ക്കണം…. നഗരത്തിലുള്ളവരും ഇങ്ങനെയിപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.


ഒരു ഇടുക്കിക്കാരനെന്ന നിലയിൽ എന്റെ മനസ്സിൽ ചില നേരങ്ങളിലും, കാലങ്ങളിലും ഉയർന്നു പൊങ്ങിയിരുന്ന പ്രാദേശികമായ ആശങ്കകളെല്ലാം കോവിഡിനു മുന്നിൽ അടിച്ചമർത്തപ്പെട്ടു. നിറയുന്ന അണക്കെട്ടുകൾ, പ്രളയം, ഉരുൾപൊട്ടൽ. ഈ കോവിഡ് കാലത്ത് അതൊന്നുമില്ല. ഏതു മലകളെയും, താഴ്വാവാരങ്ങളെയും അതിക്രമിച്ചു കടന്നു വരുന്ന കൊറോണഭീതിക്കു മുന്നിൽ ‘അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും’ എന്ന ബോർഡു വയ്ക്കാനുമാവില്ല. പ്രകൃതിയോടും, പ്രതികൂലകാലാവസ്ഥയോടും പതിറ്റാണ്ടുകളായി മല്ലിട്ടിട്ടും കടബാദ്ധ്യതകളുടെ നടുവിൽ കഴിയുന്ന മലയോരകർഷകർ ഇപ്പോൾ ഒരു കാര്യം തിരിച്ചറിയുന്നുണ്ട്, ഭാവികാലം സുരക്ഷിതമല്ല, പ്ലാവും, മാവും, പാലും, പശുക്കളുമെല്ലാം കരുതൽ ശേഖരമാകും, തിന്നാൻ എന്തെങ്കിലും നട്ടുവയ്ക്കണം…. നഗരത്തിലുള്ളവരും ഇങ്ങനെയിപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ചാക്കിലും,ചട്ടിയിലും കിഴങ്ങുകളും, പച്ചക്കറികളും നട്ടുവളർത്താനുള്ള പരിശ്രമം.. കാർഷികസംസ്ക്കാരം കൈവെടിയരുതെന്നുള്ള തിരിച്ചറിവും, പ്രായോഗിക പരിശ്രമങ്ങളും.ഇതിനിടയിലെപ്പോഴോ നമ്മുടെ മനസ്സിലെ മതിലുകളിടിഞ്ഞു വീണു.. ‘കരുതലുണ്ടാകണം ഭാവിയിലെന്ന്.. മുതിർന്നവർ പറഞ്ഞു കേട്ട നാൾ മുതൽ നമ്മൾ മലയാളികൾ പത്തു പുത്തനുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു. ‘എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരി ജീവിതം’ എന്നു വിചാരിച്ചിരുന്നവർക്കും, പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന മൗഢ്യം കരുതലായി കാത്തുവച്ചവർക്കും അദൃശമായ ഒരു രോഗാണുവിനു മുന്നിൽ അടിയറവു പറയേണ്ടി വന്ന ആഗോളപ്രതിഭാസം. ലോകത്തൊരിടവും സുരക്ഷിതമല്ലെന്നു കാലം നമ്മെ പഠിപ്പിക്കുന്നു.ഇതിനിടയിൽ ഒരു സമത്വസുന്ദരചിന്ത രൂപപ്പെടുകയാണ്. മുഖംമൂടിവച്ചു നമ്മൾ സമരസപ്പെടുന്നു.

പത്താം ക്ലാസ്സിലെ മലയാളം ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചപ്പോൾ പിടി കിട്ടാതിരുന്ന പൊരുൾ ഇപ്പോളാണ് മനസ്സിലായത്. ബാഹ്യസൗന്ദര്യത്തിന്റെ പ്രധാന കേന്ദ്രം എന്നു കരുതിയിരുന്ന മുഖം മറച്ചുവക്കേണ്ടിവരുന്ന കാലം.

മുഖാവരണം വച്ചിട്ടുണ്ടെങ്കിലും ഈ കൊറോണക്കാലത്ത് മനസ്സു മൂടാതെ സംസാരിക്കാൻ നമുക്കു കഴിയുന്നു. സൗന്ദര്യം ആപേക്ഷികമാണെന്നു പത്താം ക്ലാസ്സിലെ മലയാളം ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചപ്പോൾ പിടി കിട്ടാതിരുന്ന പൊരുൾ ഇപ്പോളാണ് മനസ്സിലായത്. ബാഹ്യസൗന്ദര്യത്തിന്റെ പ്രധാന കേന്ദ്രം എന്നു കരുതിയിരുന്ന മുഖം മറച്ചുവക്കേണ്ടിവരുന്ന കാലം. ഒരു സൗന്ദര്യവർദ്ധകവസ്തുക്കളും ഇനി അവിടെ പുരട്ടാനിടമില്ല. അലുക്കു പിടിപ്പിച്ച മാസ്കുകളും, വിലക്കൂടിയ മുഖപടങ്ങളും വാങ്ങുന്നതിനെക്കുറിച്ച് പ്രകടനപരതക്കാർക്കു ചിന്തിക്കാം…

എന്റെ നാട്ടുകാർ ഈ ലോക്ക്ഡൗൺ കാലത്ത് ജാഗ്രതയുടെ തുരുത്തിൽ നിന്ന് മൂക്കിൽ വിരൽ വച്ചു തപിക്കുന്നില്ല. പ്രളയകാലത്തെ അതിജീവിച്ച അനുഭവപാഠക്കുറിപ്പുള്ളതിനാൽ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തുമായി കരുതലോടെ വീട്ടിലും ചുറ്റുവട്ടത്തിലും പ്രത്യാശനിറയ്ക്കുകയാണ്. എല്ലാം നശിച്ചു പോയിട്ടില്ല, പോകില്ല.. വല്ലതും ശേഷിക്കുമെന്ന പ്രതീക്ഷയോടെ…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →