സ്റ്റോക്‌ഹോം: സ്വീഡനില്‍ അഭയംതേടിയ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ നദിയില്‍ മരിച്ചനിലയില്‍. ബലൂചിസ്താന്‍ ടൈംസ് എന്ന ഓണ്‍ലൈന്‍ മാഗസിന്റെ ചീഫ് എഡിറ്ററായ സാജിദ് ഹുസയ്‌നാണ് മരിച്ചത്. മാര്‍ച്ച് രണ്ടുമുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. വടക്കന്‍ സ്റ്റോക്‌ഹോമിലെ അപ്‌സാലയിലേക്ക് ട്രെയിനില്‍ യാത്രചെയ്യുന്നതാണ് അവസാനമായി കണ്ടത്. അപ്‌സാലയ്ക്കു സമീപമുള്ള ഫ്‌ളൈറീസ് നദിയിലാണ് ഏപ്രില്‍ 23ന് മൃതദേഹം കണ്ടെത്തിയത്.
ബലൂചികളുടെ വിമോചന പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന ആളായിരുന്നു സാജിത് ഹുസൈന്‍. സര്‍ക്കാരും ഐ എസ് എ യും നോട്ടപ്പുള്ളിയാക്കിയതോടെ രാജ്യം വിടുകയായിരുന്നു. പാകിസ്താനില്‍നിന്ന് സ്വീഡനിലെത്തിയ സാജിദിന് 2019ല്‍ രാഷ്ട്രീയ അഭയം ലഭിച്ചിരുന്നു. സുഹൃത്ത് അബ്ദുല്‍ മാലിക്കിനൊപ്പമാണ് സാജിദ് താമസിച്ചുവന്നത്. മരണത്തെക്കുറിച്ച പോലിസ് അന്വേഷിച്ചുവരുകയാണെന്നും കൂടുതല്‍ വിശദീകരണങ്ങള്‍ പിന്നീട് ഉണ്ടാവുമെന്നും മാലിക് പറഞ്ഞു.
പാകിസ്താന്റെ കിഴക്കുഭാഗത്ത് സ്വതന്ത്ര ബലൂചിസ്താന്‍ പ്രസ്ഥാനം ശക്തമാണ്. ബലൂടിസ്താനെന്ന സ്വതന്ത്ര രാഷ്ടത്തിനുവേണ്ടി സമരം ചെയ്യുകയാണ് മേഖലയിലെ ജനങ്ങള്‍. ഇതിനെ ചെറുക്കാനെന്നോണം തങ്ങളുടെ രാഷ്ട്രത്തെ വിഭജിച്ച് ശക്തിനശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പാകിസ്താന്‍ അന്താരാഷ്ട്ര വേദികളില്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നുമുണ്ട്. ഈ മേഖലയിലെ അടിച്ചമര്‍ത്തലുകളെയും പൗരാവകാശ ലംഘനങ്ങളെയും കുറിച്ച് നിരന്തരം എഴുതിയവന്ന ആളാണ് സാജിദ്. ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയും വീട്ടുകാരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പിന്നീട് വധഭീഷണി ഉയര്‍ന്നതോടെയാണ് സാജിദ് പാകിസ്താന്‍ വിട്ട് മനുഷ്യാവകാശങ്ങളെ ഏറെ അംഗീകരിക്കുന്ന രാജ്യമായ സ്വീഡനില്‍ അഭയംതേടിയത്.
2012ലാണ് സാജിദ് ഹുസയ്ന്‍ പാകിസ്താനില്‍നിന്നു രക്ഷപ്പെട്ടത്. തുടര്‍ന്ന് യുഎഇ, ഒമാന്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ താമസിച്ചു. 2018ലാണ് സ്വീഡനില്‍ എത്തിയത്. അപ്‌സാല യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തരബിരുദ കോഴ്‌സിനു ചേര്‍ന്നിരുന്നു. ഭാര്യയെും രണ്ട് മക്കളെയും അങ്ങോട്ട് കൊണ്ടുവരാനിരിക്കെയാണ് മരണം ഉണ്ടായത്.
സ്വീഡനിലിരുന്നും ബലൂചിസ്താന്‍ ടൈംസ് മാഗസിനുവേണ്ടി അദ്ദേഹം ജോലി തുടര്‍ന്നു. മാധ്യമസ്വാതന്ത്ര്യത്തിനുനേരെ ഏറ്റവും കൂടുതല്‍ ഭീഷണിയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍.

