വയനാട്ടില്‍ കൊറോണക്കു പിന്നാലെ കുരങ്ങുപനിയും; ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത് മൂന്നുപേര്‍

വയനാട്: കൊറോണയ്ക്കു പിന്നാലെ കുരങ്ങുപനിയും താണ്ഡവമാടുന്നു. വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ടായ ബേഗൂര്‍ കാളിക്കൊല്ലി കോളനിയിലെ കേളുവും മരിച്ചതോടെ ഈ വര്‍ഷം കുരങ്ങുപനി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി . ഇതോടെ കനത്ത ജാഗ്രതയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. .ഏപ്രില്‍ 13 ന് ചികിത്സയിലിരിക്കെ മരിച്ച ബേഗൂര്‍ സ്വദേശി മാരിയും (60) കുരങ്ങുപനി ബാധിച്ചാണ് മരിച്ചത്. കേളു കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കുരങ്ങുപനി ബാധിച്ച് ചികിത്സ തേടിയിരുന്നത്. ഏപ്രില്‍ ആറിന് മരിച്ച മാനന്തവാടി സ്വദേശി രാജുവിന്റെ രക്തം പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ കുരങ്ങുപനി കാരണമാണോ മരിച്ചത് എന്ന സംശയത്തിലാണ് അധികൃതര്‍. ഇപ്പോള്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. രണ്ടു പേര്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും, രണ്ടു പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ആദ്യ ഘട്ടത്തില്‍ 5228 പേരാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. 2346 പേര്‍ക്ക് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പും എട്ടുപേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയിട്ടുണ്ട്.ജില്ലയിലെ ആദിവാസി കോളനികള്‍ വൃത്തിയാക്കുന്നതിനു ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കി. എന്‍.ഐ.സിയുടെ മേല്‍നോട്ടത്തില്‍ കോളനികളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളെ കാടുകളില്‍ മേയാന്‍ വിടുന്നത് നിയന്തിക്കുന്നതിനായി പ്രത്യേക ആപ്പും തയ്യാറാക്കി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →