ഹരിദ്വാര്‍: ലോക് ഡൗണ്‍ പൂ കൃഷിക്കാരുടെ സ്വപ്നങ്ങള്‍ തല്ലി കൊഴിച്ചു.ലോറികളില്‍ കയറ്റി റോഡരികിലെ മാലിന്യ കൂമ്പാരങ്ങളില്‍ നിക്ഷേപിക്കുന്നത് കോടിക്കണക്കിന് രൂപയുടെ പൂക്കളാണ്. ഹിമാലയതാഴവരയിലുള്ള ഉത്തര്‍ഖണ്ഡ് പൂക്കളുടെ സ്വന്തം നാടാണ്. ഭീമസേനന് കല്യാണസൗഗന്ധികം തേടിപ്പോയ ഗന്ധമാദനപൂങ്കാവനം ഉള്ള ചമോലി അടക്കം എല്ലാ ജില്ലകളിലും പൂ കൃഷി വ്യാപകമാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച പോളിഹൗസിലാണ് കൃഷി.

ഏപ്രില്‍ മെയ് മാസങ്ങളിലാണ് വിളവെടുപ്പ്, ഈ മാസങ്ങള്‍ കല്യാണങ്ങളുടെ നാളുകളാണ് ഉത്തരാഖണ്ഡില്‍. ഇത് മുന്നില്‍ കണ്ട് ആണ് കൃഷി. ഇക്കൊല്ലം വിളവെടുപ്പ് എത്തിയപ്പോള്‍ ലോക ഡൗണ്‍ ആയി. എല്ലാം നിശ്ചലം. കല്യാണം ഇല്ല ആഘോഷങ്ങളില്ല. പൂവിന് ആവശ്യക്കാരില്ല. എങ്ങോട്ടും കയറ്റി അയയ്ക്കാനും വഴിയില്ല. പക്ഷേ വിളവ് എടുക്കാതിരിക്കാന്‍ പറ്റില്ല. പൂക്കള്‍ ചീഞ്ഞാല്‍ ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കിയ പോളിഹൗസ് തന്നെ പോകും.
പൂക്കള്‍ വിളവെടുത്ത് ലോറിയില്‍ കയറ്റി കൊണ്ടുപോയി തള്ളുന്ന ജോലിയും കര്‍ഷകന്റേതായി. 250 കോടി രൂപയുടെ പൂക്കളാണ് ഈ സീസണില്‍ നഷ്ടമായി എന്നാണ് കണക്ക്. പൂ കൃഷിയില്‍നിന്ന് പലരും പിന്‍വാങ്ങി കഴിഞ്ഞു. പോളിഹൗസ് നിര്‍മ്മാണത്തിന് മുടക്കിയ പണം നഷ്ടമായ സ്ഥിതിയാണ്. ചിലര്‍ കൂണ് കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കൊറോണ സാഹചര്യത്തില്‍ പൂവിന് ഡിമാന്‍ഡ് ഉണ്ടായില്ലെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ആരെങ്കിലും വാങ്ങാതെ ഇരിക്കില്ല എന്ന് കര്‍ഷകര്‍ക്ക് ഉറപ്പാണ്.

