തിരുവനന്തപുരം: കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രില്‍ 27, തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരിപാടി. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും ഹരിതകേരളം മിഷനിലെയും വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രേക്ഷകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കു തത്സമയം മറുപടി നല്‍കും. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഭാവിയിലുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് എല്ലാവരും ലോക്ഡൗണ്‍ കാലത്ത് കൃഷിയിലേര്‍പ്പെടണമെന്നും അതില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കിഴങ്ങുവിളകളുടെ കൃഷിരീതി വിഷയമാക്കി ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാം. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ വിവിധ വകുപ്പു മേധാവികളും ശാസ്ത്രജ്ഞരുമായ ഡോ. എം.എന്‍.ഷീല, ഡോ. സി.എ.ജയപ്രകാശ്, ഡോ.എം.സജീവ്, ഡോ. ജി. ബൈജു, ഹരിതകേരളം മിഷന്‍ കൃഷി ഉപവിഭാഗം കണ്‍സള്‍ട്ടന്റ് എസ്.യു. സഞ്ജീവ്, ടെക്നിക്കല്‍ ഓഫീസര്‍ വി.വി. ഹരിപ്രിയാദേവി എന്നിവര്‍ ഫേസ്ബുക്ക് ലൈവില്‍ പങ്കെടുക്കും.