തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെയും ജില്ല ഭരണകൂടത്തെയും ആശങ്കയിലാക്കി ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്. വര്‍ക്കല പുത്തന്‍ചന്ത സ്വദേശിയായ 44 കാരനാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 19ന് ഷാര്‍ജയില്‍നിന്ന് എത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്ന് എത്തുന്നയാള്‍ക്ക് ആരോഗ്യവകുപ്പ് നല്കുന്ന പരമാവധി ഹോം ക്വാറന്റീന് കാലാവധി 28 ദിവസമാണ്. എന്നാല്‍ 35-ാം ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇത് ആരോഗ്യവകുപ്പ് ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്ന് ഹോം ക്വാറന്റീന് പൂര്‍ത്തിയാക്കിവരെ വീണ്ടും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥിതിയിലാണ് ജില്ല ഭരണകൂടം.
ജില്ലയില്‍ ഇപ്പോള്‍ രണ്ടുപേരാണ് രോഗബാധിതര്‍. വ്യാഴാഴ്ച പുതുതായി 183 പേര് രോഗനിരീക്ഷണത്തിലായി. 88 പേര് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 1379 പേര് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

