കേന്ദ്രം അനുകൂല നിലപാടെടുത്താല്‍ ഉപഭോക്താക്കളുടെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് കേരളം ഒഴിവാക്കും

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതിക്ക് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അനുകൂല നിലപാടെടുത്താല്‍ ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കാന്‍ പിന്നീട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍. ടി, എച്ച്. ടി, ഇ. എച്ച്. ടി വൈദ്യുതി കണക്ഷനുള്ള ഫിക്സഡ് ചാര്‍ജ് ആറ് മാസത്തേക്ക് കേരളം ഒഴിവാക്കി. കുടിശിക സര്‍ ചാര്‍ജ് 18 ല്‍ നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തും.
അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് 2,26,969 കിടക്കകള്‍ ഒരുക്കും. നിലവില്‍ 1,40688 എണ്ണം ഉപയോഗയോഗ്യമാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് നല്‍കുന്നതിന് ഹോമിയോ വകുപ്പിന് അനുമതി നല്‍കി. മലയോര മേഖലയില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ പച്ചക്കറി സംഭരണം നടക്കാത്തതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായ സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. 96.66 ശതമാനം റേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കി. ഏപ്രില്‍ 27 മുതല്‍ പിങ്ക് കാര്‍ഡ് വിഭാഗങ്ങള്‍ക്ക് കേരളം നല്‍കുന്ന ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കും. ഹോട്ട്സ്പോട്ടുകളില്‍ കിറ്റുകള്‍ വീടുകളിലെത്തിക്കാന്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം തേടാം. അതിഥി തൊഴിലാളികള്‍ക്ക് 742 മെട്രിക്ക് ടണ്‍ അരിയും 2,34,000 കിലോ ആട്ടയും നല്‍കി. റേഷന്‍ കാര്‍ഡില്ലാത്ത 25906 കുടുംബങ്ങള്‍ക്ക് സൗജന്യമായി 316 മെട്രിക് ടണ്‍ അരി വിതരണം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →