ന്യൂഡൽഹി ഏപ്രിൽ 19: കൊറോണ നിയന്ത്രണം പൂർണതോതിൽ രാജ്യത്ത് സംഭവിച്ചിട്ടില്ലാത്തതിനാൽ പൊതുഗതാഗതം പുനരാംരംഭിച്ചാൽ രോഗ ബാധ തടയാൻ ആകാത്ത സ്ഥിതിയിലേക്ക് മാറുമെന്ന വിലയിരുത്തലിൽ പൂർണതോതിൽ പൊതുഗതാഗതം ജൂൺ മാസത്തിന് ശേഷം മതിയെന്ന നിലപാടിലേക്ക് കേന്ദ്ര മന്ത്രിസഭാ ഉപസമിതി യോഗം എത്തിച്ചേർന്നതായി അനൗദ്യോഗിക വിവരം.
യൂറോപ്പിന്റെയും അമേരിക്കയുടെയും മാതൃകയിൽ കൊറോണ രോഗപകർച്ച ഇന്ത്യയിൽ സംഭവിക്കുന്നില്ലെങ്കിലും ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു. പൂർണതോതിൽ രോഗബാധ നിയന്ത്രിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുകയും സംസ്ഥാനങ്ങൾ തമ്മിലുള്ള പൊതുജനങ്ങളുടെ സഞ്ചാരം വർധിക്കുകയും ചെയ്താൽ രോഗബാധ പിടിവിട്ട് വളർന്നുപോയേക്കാമെന്ന ആശങ്ക സർക്കാരിനുണ്ട്.
മെയ് മൂന്നോട് കൂടി ഇപ്പോഴത്തെ ലോക്ക് ഡൗൺ കാലപരിധി തീരുകയാണ്. എന്നിരുന്നാലും പൂർണതോതിൽ പൊതുഗതാഗതം ജൂൺ മാസത്തോടെ ആരംഭിക്കാൻ കഴിയുള്ളൂവെന്ന വിലയിരുത്തത്തലിലാണ് സർക്കാർ. അതു കൊണ്ട് തന്നെ ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുന്നതിൻ്റെ ഭാഗമായി ഏറ്റവും അവസാനം പൊതുഗതാഗതം പുനരാരംഭിക്കാനാണ് ഉപസമിതിയുടെ നിർദ്ദേശം. നിർദ്ദേശം പ്രധാനമന്ത്രിക്ക് കൈമാറി.