ആലപ്പുഴ ഏപ്രിൽ 18: ആലപ്പുഴയിൽ
ഹൗസ് ബോട്ടുകൾ കോവിഡ് രോഗികളെ പാർപ്പിച്ച് ചികിൽസിക്കാനുള്ള ഐസൊലേഷൻ സെന്ററുകളായി മാറുകയാണ്. ലോകത്ത് തന്നെ ഈ പരീക്ഷണം കേരളത്തിൽ ആലപ്പുഴയിലാണ്.
ഇതിന്റെ വെല്ലുവിളികള്‍ എന്തെല്ലാം എന്നറിയാനായി ആലപ്പുഴ ജില്ലാ ഭരണകൂടം ഇന്നലെ സംഘടിപ്പിച്ച മോക്ക് ഡ്രില്‍ വിജയകരമായതോടെ തുടര്‍നടപടികളിലേക്ക് കടക്കുകയാണ്. ആവശ്യമായി വന്നാല്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ മുറികള്‍ സജ്ജമാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന പറഞ്ഞു.
പുന്നമട ഫിനിഷിങ് പോയിന്റിലും സമീപത്തുമായി ഹൗസ് ബോട്ടുകള്‍ ഒരുമിച്ച് പാര്‍ക് ചെയ്താണ് ഐസൊലേഷന്‍ മുറികള്‍ ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 140 ഹൗസ് ബോട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ എഴുനൂറോളം ഹൗസ് ബോട്ടുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കും. 1500 മുതൽ 2000 വരെ ആളുകളെ പാർപ്പിക്കാം.

