പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള പദ്ധതി തയ്യാറായി

ന്യൂഡൽഹി ഏപ്രിൽ 16: കൊറോണ രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെയുള്ള വിദേശങ്ങളില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പദ്ധതി തയ്യാറായി. കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും വിഷയത്തില്‍ ചര്‍ച്ച നടത്തി. ഓരോ സംസ്ഥാനങ്ങളും ഒരുക്കിയ സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. ആദ്യഘട്ടത്തില്‍ നാട്ടിലെത്തുക യുഎഇയില്‍ നിന്നുള്ള പ്രവാസികളെയായിരിക്കും.

മൂന്ന് വഴിയിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കുക. പ്രവാസി സംഘടനകളുടെ സഹായവും സര്‍ക്കാര്‍ തേടി. എല്ലാവരെയും ആദ്യഘത്തില്‍ കൊണ്ടുവരില്ല. മുന്‍ഗണന പട്ടിക തയ്യാറാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് ഷാര്‍ജയുടെ എയര്‍ അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

യുഎഇയിലെ പ്രവാസികളെയാണ് ആദ്യം നാട്ടിലെത്തിക്കുക. കേരളത്തിലേക്ക് അടക്കം ആദ്യഘട്ടത്തില്‍ സര്‍വീസുണ്ടാകും. നാട്ടിലെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടര ലക്ഷം ബെഡ്ഡുകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ജില്ലകളിലും പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍.

മൂന്ന് രീതിയിലാണ് യുഎഇയില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലെത്തിക്കുക. ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നതാണ് ഒരു മാര്‍ഗം. കൂടാതെ ഇന്ത്യയില്‍ നിന്ന് വിമാനം അയച്ച് പ്രവാസികളെ കൊണ്ടുവരും. കപ്പല്‍ മാര്‍ഗമാണ് മൂന്നാമത്തെ രീതി. എയര്‍ അറേബ്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ വിസിറ്റിങ് വിസയില്‍ യുഎഇയിലെത്തിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പരിഗണന നല്‍കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇവരെയും നാട്ടിലെത്തിക്കും.

ഓരോ സംസ്ഥാനത്തേക്കും പ്രത്യേക സര്‍വീസ് ആണ് നടത്തുക. സംസ്ഥാനങ്ങളിലെത്തിയ ഉടനെ ഇവരെ ക്വാറന്റൈന്‍ ചെയ്യും. കേരളം വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എത്ര പ്രവാസികള്‍ വന്നാലും ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →