തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനി കേരളത്തിന്റെ ഐടി വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും തന്ത്രപ്രധാനമായ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയ എടുക്കുകയും ചെയ്തുവെന്ന ആരോപണം കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് നേരെ മുനകൂര്‍പ്പിച്ചിരിക്കുന്ന മുഖ്യ ആരോപണമാണ്. പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേപ്പറ്റി ചോദിക്കുകയുണ്ടായി. മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഐടി സെക്രട്ടറിയോട് ചോദിക്കൂ എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിനെ പറ്റി ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം സംബന്ധിച്ച സുദീര്‍ഘമായ വിശദീകരണം 15-4-2020-ലെ പത്രസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ചു. പത്രസമ്മേളനത്തിന്റെ ഉള്ളടക്കം പൂര്‍ണമായി താഴെ കൊടുക്കുന്നു.
ഏപ്രില്‍ 10 നാണ് ഞാന്‍ സ്പിംഗ്‌ളര്‍ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞത്. മുഖ്യമന്ത്രി അതിന് വ്യക്തമായ മറുപടി പറഞ്ഞില്ല. ഇത് വലിയ ഒരു അഴിമതിയാണ്. ഡാറ്റ കച്ചവടമാണ്.
കോവിഡ് 19 കാലത്ത് ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ വാര്‍ഡ് തലത്തില്‍ ശേഖരിച്ച് keralafield covid.splinklr എന്ന പേരിലുള്ള വെബ്സൈറ്റില്‍ നല്‍കണമെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. അത് സപ്രിംഗ്ളറിന്റെ സെര്‍വ്വറില്‍ തന്നെ സ്റ്റോര്‍ ചെയ്യുന്ന സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. അതില്‍ കേരള സര്‍ക്കാരിന്റെ എംബ്ളവും ഉണ്ടായിരുന്നു.
ഞാന്‍ ഇക്കാര്യം ഉന്നയിക്കുകയും അത് വിവാദമാവുകയും ചെയ്തപ്പോള്‍ ഐ ടി വകുപ്പിലെ ഒരു ഉദ്യേഗസ്ഥന്‍ അത്www.housevisitkerala.in എന്ന പേരില്‍ അത് തിരുത്തി. അങ്ങനെ തിരുത്തു വന്നെങ്കിലും തദ്ദേശ വകുപ്പില്‍ നിന്ന് തിരുത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങിയില്ല. അതിനാല്‍ പഴയ ഉത്തരവ് നില നില്‍ക്കുകയാണ്. വെബ്‌സൈറ്റിന്റെ പേരില്‍ മാറ്റം വന്നാല്‍ തന്നെ വിവരങ്ങള്‍ ഇപ്പോഴും പോകുന്നത് സ്പ്രിംഗ്ളറിന്റെ സര്‍വ്വറിലേക്കാണ്.
ഞാന്‍ തദ്ദേശ മന്ത്രി എ.സി മൊയ്തീനോട് ചോദിച്ചു. അദ്ദേഹത്തിന് അറിയില്ലെന്ന് പറഞ്ഞു. ആരോഗ്യ വകുപ്പിനും അറിയില്ല. ആരോഗ്യ മന്ത്രിയും അറിയാമെന്ന് ഇത് വരെ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ചോദ്യം വന്നപ്പോള്‍ അദ്ദേഹം അവ്യക്തമായ ഉത്തരം നല്‍കി. ഐ ടി സെക്രട്ടറി മറുപടി നല്‍കുമെന്ന് പറഞ്ഞു. ദുരൂഹത കൂടുതലായി. പിന്നീട് ഐ ടി സെക്രട്ടറി ഒരു വിശദീകരണക്കുറിപ്പും ഇറക്കി.
ഐ ടി സെക്രട്ടറി സ്പിംഗ്ളര്‍ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചത് ഇതിനിടയില്‍ എന്തിന് മാറ്റി? സദുദ്ദേശത്തോടെയായിരുന്നെങ്കില്‍അത് അവിടെ കിടന്നാല്‍ പോരെ? സ്പിംഗളര്‍ കമ്പനിയുമായി വച്ച് കരാറിന്റെ മുഴുവന്‍ വിവരങ്ങളും പകര്‍പ്പും ചോദിച്ച് ഞാന്‍ മുഖ്യമന്ത്രിക്ക് 13-4-2020 ല്‍ കത്ത് നല്‍കി. എന്നാല്‍ ഇത് വരെ മറുപടി തന്നില്ല. വെളളപ്പൊക്കക്കാലത്ത് സ്പ്രിംഗ്ളര്‍ കമ്പനി നമുക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് മന്ത്രി എ സി മൊയ്തീന്‍ പറയുന്നത്. എന്നാല്‍ ഇവര്‍ വെള്ളപ്പൊക്കക്കാലത്ത് നമുക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് മാധ്യമങ്ങള്‍ക്കോ റീ ബില്‍ഡ് കേരളയില്‍ അംഗമായ എനിക്കോ നിയമസഭയ്‌ക്കോ ആര്‍ക്കും അറിയില്ല. രഹസ്യമായി എന്തു പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
കേരളത്തിലെ ഇത് വരെ ആരോഗ്യ രംഗത്ത് ഉണ്ടായിരിക്കുന്ന നേട്ടങ്ങളുടെ ക്രഡിറ്റ് ഈ കമ്പനിക്ക് നല്‍കി അവരെ മഹത്വ വല്‍ക്കരിക്കുന്ന നടപടിയാണ് ഐ.ടി സെക്രട്ടറി ചെയ്തത്. റേഷന്‍ കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരങ്ങള്‍ ഇവര്‍ക്ക് പോയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും ഈ കമ്പനിക്ക് കച്ചവടം ചെയ്തിരിക്കുകയാണ്. ഇത് വലിയ അഴിമതിയാണ്.
ഈ കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തു? ഈ കമ്പനി അമേരിക്കയില്‍ രണ്ടു വര്‍ഷമായി ഒരു തട്ടിപ്പ് കേസ് നേരിടുകയാണ്. 50 മില്ല്യണ്‍ (350 കോടി രൂപ)യുടെ നഷ്ടപരിഹാരം ചോദിച്ച് ഈ കമ്പനിയുടെ പാര്‍ടണര്‍ നല്‍കിയ കേസാണിത്. അമേരിക്കയിലെ ഓറിഗണ്‍ കോടതിയിലെ 3/18/CV/01192 എന്നതാണ് കേസ്. ഡാറ്റാ തട്ടിപ്പിന് നിയമ നടപടി നേരിടുന്ന ഒരു കമ്പനി ഇവിടെ സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കുകയും ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നത് അതീവ ഗുരുതരമായ കാര്യമാണ്.
ഈ കമ്പനി സൗജന്യമായാണ് സേവനം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ സര്‍ക്കാര്‍ ഇന്നലെ രാത്രി പുറത്തു വിട്ട രേഖകള്‍ പ്രകാരം അങ്ങനെയല്ല കാര്യങ്ങള്‍. ഈ രേഖകള്‍ ഈമെയില്‍ സന്ദേശങ്ങള്‍ മാത്രമാണ്. അതില്‍ ഒരു രേഖ അനുസരിച്ച് സ്പിംഗളറിന്റെ സേവനം സൗജന്യമല്ല. Order Form Second page-ല്‍ പറയുന്നത്. കോവിഡ് 19 ന് ശേഷം കേരള സര്‍ക്കാരുമായി ചര്‍ച്ച് ചെയ്ത് ഫീസ് തീരുമാനിക്കാം എന്നാണ് . അപ്പോള്‍ സ്പിംഗളര്‍ സേവനം സൗജന്യം അല്ല. ആ വാചകം ഇങ്ങനെയാണ്: customer is under no obligation to pay the sprinklr service herein during the covid pandamic. Upon the conclusion of scoping and implimentation Sprinklr will provide customer ( customer means government of Kerala) with the pricing for the necesasry Sprinklr service.
അതായത് കോവിഡ് കഴിഞ്ഞാല്‍ സ്പിംഗ്‌ളര്‍ നല്‍കുന്ന സേവനത്തിന് എന്തു തുക നല്‍കണമെന്ന് തീരുമാനിക്കും എന്നാണ് കരാര്‍. എന്തു തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് അടുത്ത വാചകത്തിലും പറയുന്നു. അപ്പോള്‍ സേവനം സൗജന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റല്ലേ? പ്രായമായ അച്ഛനമ്മമാര്‍ക്ക് സംസ്ഥാനം നല്‍കുന്ന സംരക്ഷണം കണ്ട് സേവിക്കാന്‍ വന്നവര്‍ അല്ലെന്ന് മനസിലായല്ലോ? അവരുടെ സേവനത്തിന് പണം നല്‍കണം.
ഇന്നലെ സര്‍ക്കാര്‍ പുറത്തു വിട്ട കരാര്‍ ആരുണ്ടാക്കിയതാണ്. ഞാന്‍ രണ്ടു ദിവസമായി ഐ.ടി വകുപ്പ്, ആരോഗ്യ വകുപ്പ് , റവന്യൂ വകുപ്പ് എന്നിവിടങ്ങളില്‍ കരാര്‍ അന്വേഷിച്ചു ആര്‍ക്കും അറിയില്ല. ഈ കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തു. അതും അറിയില്ല. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഫയല്‍ ഐ.ടി വകുപ്പില്‍ ഉണ്ടോ? അതും ഇല്ല എന്നറിയുന്നു.
സാധാരണ ഒരു കരാര്‍ ഒപ്പിടണമെങ്കില്‍ ആ ഉദ്യോഗസ്ഥനെ മന്ത്രി ചുമതലപ്പെടുത്തണം. ഇവിടെ കരാര്‍ ഒപ്പിടാന്‍ മുഖ്യമന്ത്രി ഐ.ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയ ഫയല്‍ ഉണ്ടോ? എങ്കില്‍ എന്നെ കാണിക്കണം.
ഏറ്റവും പ്രധാനപ്പെട്ട വിഷം ഈ Agreement ന്റെ അധികാരപരിധിയാണ്. ആ കേസുമായി ബന്ധപ്പെട്ട് എന്ത് തര്‍ക്കം ഉണ്ടായാലും അത് New York കോടതിയില്‍ മാത്രമേ കേസ് ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളു എന്നാണ് ഈ Agreement വ്യക്തമാക്കിയിട്ടുള്ളത്. ചുരുക്കം പറഞ്ഞാല്‍ മലയാളികള്‍ അവരുടെ മൗലികാവകാശം സംരക്ഷിക്കാന്‍ വേണ്ടി അമേരിക്കയില്‍ പോകേണ്ട സ്ഥിതിയുണ്ടായിരിക്കുന്നു.
ഈ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലായത് ഈ വിഷയം ജനശ്രദ്ധയില്‍ വന്നതിന് ശേഷമാണ് ഡേറ്റാ ചോരാതിരിക്കാനുള്ള ഉറപ്പ് വാങ്ങാന്‍ പോലും സര്‍ക്കാര്‍ തയ്യാറായത്. അതും ഒരു നിയമസാധുതയുമില്ലാത്ത ഒരു ഇ-മെയില്‍ സന്ദേശത്തിലൂടെ.
10-ാം തീയതിയാണ് ഈ വിഷയം ഞാന്‍ ഉയര്‍ത്തുന്നത്. അതിന് ശേഷം 11, 12 തീയതികളിലാണ് വിദേശിയായ Dan Haley എന്നൊരാള്‍ IT സെക്രട്ടറിക്ക് ഇ മെയില്‍ വഴി സെക്യൂരിറ്റി സംബന്ധമായ പല കാര്യങ്ങളും ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇത് ഒരു legal agreement അല്ല. ഇതിനൊരു നിയമസാധുതയുമില്ല. വിഷയം വിവാദമായതിനാല്‍ തട്ടിക്കൂട്ടിയ ഒരു രേഖയാണ്. ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് മാത്രമല്ലേ ഇവര്‍ ഈ ഉറപ്പ് വാങ്ങിയത്. ഞാന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഉറപ്പ് വാങ്ങുമായിരുന്നോ?
വ്യക്തികളുടെ വിവരങ്ങള്‍ മറ്റൊരു അന്താരാഷ്ട്ര കമ്പനിക്ക് കൈമാറാനുള്ള അനുവാദം സംസ്ഥാന സര്‍ക്കാരിനില്ല. അന്താരാഷ്ട്ര കരാറില്‍ ഏര്‍പ്പെടുമ്പോള്‍ സംസ്ഥാനത്തിന്റെ ക്യാബിനറ്റ് അംഗീകാരം ആവശ്യമാണ്. കേന്ദ്രത്തേയും അറിയിക്കേണ്ടതുണ്ട്. ഇതൊന്നും ഇവിടെ പാലിച്ചതായി കാണുന്നില്ല. അന്താരാഷ്ട്ര കരാറുകള്‍ എല്ലാം ബന്ധപ്പെട്ട വകുപ്പും, നിയമവകുപ്പും കാണേണ്ടതുണ്ട്. അതിന് ശേഷം സംസ്ഥാന ക്യാബിനറ്റും അംഗീകരിച്ചതിന് ശേഷം വേണം കരാറില്‍ ഒപ്പിടേണ്ടത്. ഇവിടെ ഇതൊന്നും പാലിച്ചിട്ടില്ല. ഇത് ഗൂരുതരമായ വീഴ്ചയാണ്.
ഇതുമായി ബന്ധപ്പെട്ട ഫയല്‍ Law Department കണ്ടിട്ടുണ്ടോ. എന്താണ് അവരുടെ അഭിപ്രായം. ഐ.റ്റി വകുപ്പിലെ എത്രാം നമ്പര്‍ ഫയലായിട്ടാണ് ഇത് പ്രോസസ്സ് ചെയ്തത്. എന്നാണ് ഈ കമ്പനി കേരള സര്‍ക്കാരുമായി ബന്ധപ്പെടുന്നത്. ഇവര്‍ മറ്റെന്തെങ്കിലും സര്‍വ്വീസ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നുണ്ടോ. ഏതെങ്കിലും ഒരു കമ്പനി സൗജന്യമായി സേവനം നല്‍കാമെന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ അത് പരിശോധനയില്ലാതെ അനുമതി നല്‍കുമോ. ഈ കമ്പനിയുടെ വിശ്വാസ്യത പരിശോധിച്ചിട്ടുണ്ടോ? ഈ കമ്പനിയുടെ വിശദാംശം സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടോ? ഈ വിവരങ്ങളും സര്‍ക്കാര്‍ ഉടന്‍ പുറത്ത് വിടണം. ഇതൊന്നും ചെയ്യാതെ തട്ടിക്കൂട്ട് കരാറാണ് പുറത്തു വന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്.
ആരോഗ്യ വകുപ്പ്, തദ്ദേശസ്വയം ഭരണ വകുപ്പ് റവന്യു വകുപ്പ് , ഡിസാസ്റ്റര്‍മാനേജ്മെന്റ് എന്നിവരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നോ. എന്താണ് അവര്‍ പറഞ്ഞ അഭിപ്രായം. ഇതും അറിയാന്‍ ആഗ്രഹമുണ്ട്. ഐ ടി ഡിപ്പാര്‍ട്ട്മെന്റ് അല്ലാതെ ഒരു വകുപ്പും ഫയല്‍ കണ്ടിട്ടില്ല. ഇന്ന് പുറത്ത് വിട്ടിരിക്കുന്ന കരാറിന് നിയമസാധുതയില്ല. പുട്ടുസ്വാമി കേസില്‍ ഇങ്ങെനെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ legislative mandate വേണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിട്ടുള്ളത്. ഇവിടെ അതില്ല.
ഇന്ന് ഐ ടി ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ടിരിക്കുന്ന കരാര്‍ സ്പ്രിംഗ്ളര്‍ കമ്പനി അയച്ച് കൊടുത്തിരിക്കുന്നതാണ്. ഇത് അവരുടെ വിവരങ്ങള്‍ മാത്രമാണ്. അതിന് യാതൊരു നിയമസാധുതയുമില്ല. നിയമാനുസൃതമായ ഒരു കരാര്‍ ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട ഒരു നടപടിക്രമങ്ങളും ഇവിടെ പാലിച്ചിട്ടില്ല. ഇവിടെ സ്പിംഗ്‌ളര്‍ കമ്പനിയുടെ ഏജന്റായി ഐ.ടി സെക്രട്ടറി പ്രവര്‍ത്തിക്കുകയാണ്. ഐ.ടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. അദ്ദേഹം ഒരോ ദിവസം ഓരോ രേഖ ഉണ്ടാക്കുകയാണ്.
ഇതില്‍ മുഖ്യമന്ത്രിയുടെ പങ്ക് ഈ കാര്യത്തില്‍ എന്താണ് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രി സ്പ്രിംഗ്ളര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ? അദ്ദേഹത്തിന്റെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു എഗ്രിമെന്റ് ഒപ്പിടുമോ? ഇത് ഗുരുതരമായ അഴിമതിയാണ്. ഇത് ഗുരുതരമായ മറ്റു പലതിലേക്കും ചെല്ലും. ഞാന്‍ ഇപ്പോള്‍ അത്രമാത്രം പറയുന്നു.