കോവിഡ്: കാസർകോട്ട് ടാറ്റ ഗ്രൂപ്പിന്റെ 540 കിടക്കകളുള്ള ആശുപത്രി നിർമ്മാണ പ്രവർത്തനം തുടങ്ങി

കാസര്‍കോട് ഏപ്രിൽ 8: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കാസർകോട്ട് 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന കൊവിഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് തെക്കിലിലാണ് ടാറ്റാ ഗ്രൂപ്പ് ആശുപത്രി സജ്ജീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരം ഇതിനു നേതൃത്വം കൊടുക്കുന്ന വിദഗ്ധ സംഘം ഇന്നലെ ഉച്ചയോടെ കാസര്‍കോട് എത്തിയിരുന്നു. അവശ്യമായ നടപടികള്‍ പെട്ടെന്ന് സ്വീകരിച്ചതിനാലാണ് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞത്. ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജിലാണ് ആശുപത്രി സ്ഥാപിക്കുന്നത്.

കാസർഗോഡ് തെക്കിൽ പാലത്തിന് സമീപത്തായി 15 ഏക്കർ റവന്യു ഭൂമി തരിശായി കിടക്കുന്നുണ്ട്. ഈ സ്ഥലമാണ് ആശുപത്രി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വിട്ടുകൊടുത്തത്. മൂന്ന് മാസത്തിനകം ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിനെ ടാറ്റ അറിയിച്ചിട്ടുള്ളത്. എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘമാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. കാസര്‍കോട് ക്യാമ്പ് ചെയ്തു കൊണ്ട് തന്നെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പ് പ്രതിനിധികള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →