തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച പേർക്കു ഒമ്പതു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിൽ നാലുപേർക്കും ആലപ്പുഴയിൽ രണ്ടുപേർക്കും പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ഒമ്പതുപേരിൽ നാലുപേർ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേർ ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്. സമ്പർക്കം മൂലമാണ് മൂന്നുപേർക്ക് രോഗം ബാധിച്ചത്.
ഇന്ന് പതിമൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവവനന്തപുരം, തൃശ്ശൂർ ജില്ലകളിൽനിന്ന് മൂന്നുപേർ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് രണ്ടുപേർവീതവും കണ്ണൂർ ജില്ലയിൽനിന്ന് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
ഇതുവരെ 345 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 259 പേർ ചികിത്സയിലുണ്ട്. 1,40,474 പേർ നിരീക്ഷണത്തിലുണ്ട്. 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 169 പേരെയാണ് ഇന്നുമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11,986 സാമ്പിളുകൾ അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇവരിൽ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഉൾപ്പെടെ ആകെ 15 പേർക്കാണ് കോവിഡ്-19 കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

