തിരുവനന്തപുരം ഏപ്രിൽ 3: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. വായ്പ തിരിച്ചടവിന്റെ കാലാവധി നീളുന്നതിനാല്‍ കൂടുതല്‍ പലിശ നല്‍കേണ്ടി വരുമെന്നാണ് ആശങ്ക. ബാങ്ക് വായ്പകളുടെ തിരിച്ചടവിന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത് മൂന്ന് മാസത്തെ മൊറട്ടോറിയം. മാനദണ്ഡം തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് ചുമതലയും. മാനദണ്ഡം ബാങ്കുകള്‍ പുറത്തിറക്കിയപ്പോഴാണ് മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം ഉപഭോക്താക്കളിലെത്തില്ലെന്ന ആശങ്ക ഉയരുന്നത്.
വായ്പയുടെ തിരിച്ചടവ് ഗഡു മൂന്ന് മാസം അടക്കാതിരിക്കാം. അതിന് അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഓണ്‍ ലൈനായി അപേക്ഷിക്കാന്‍ സൌകര്യമുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ പറയുന്നു.
ഓണ്‍ലൈനില്‍ അപേക്ഷിക്കാനാകാത്തവര്‍ കൂട്ടത്തോടെ ബാങ്ക് ബ്രാഞ്ചിലെത്തുമെന്ന അപകടം ഇതിലുണ്ട്. തിരിച്ചടവ് മൂന്ന് മാസത്തേക്ക് മാറ്റിവെക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. ഈ തുക പിന്നീട് ഈടാക്കും. അതിന് അധിക പലിശ ഈടാക്കുമെന്നാണ് എസ്.ബി ഐയുടെ അറിയിപ്പ്. മറ്റ് ബാങ്കുകളും ഇതേ പാതയിലാണ്.
മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോള്‍ പതിവുള്ളതാണിതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ആനുകൂല്യം സ്വീകരിക്കുന്നവരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യമാണെന്നും. പലിശയില്ലാത്ത രീതിയില്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തീരുമാനമെടുത്തിട്ടില്ല.
