ദുബായ് ഏപ്രിൽ 3: വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും ഏപ്രില്‍ ആറുമുതല്‍ വിമാന സര്‍വിസിന് അനുമതി നല്കി യു.എ.ഇ. പരിമിതമായ യാത്രക്കാരുമായി വിമാന സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ കഴിയാതെ യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമാന വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഈ തീരുമാനം എത്രത്തോളം ഗുണം ചെയ്യുമെന്ന് പറയാന്‍ കഴിയില്ല.
മാത്രമല്ല, 14 വരെ ഇന്ത്യയിലേക്ക് വിമാന സര്‍വിസ് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി അറിയിച്ചു. ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, സൂറിച്ച്, ബ്രസല്‍സ് നഗരങ്ങള്‍ വിമാനമിറങ്ങാന്‍ അനുമതി നല്‍കിയതായാണ് വിവരം.
മറ്റു രാജ്യങ്ങളുടെ അനുമതി തേടിയിട്ടുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ജോലി നഷ്ടപ്പെട്ടും നിര്‍ബന്ധിത ലീവെടുത്തും നിരവധി മലയാളികള്‍ യു.എ.ഇയില്‍ കഴിയുന്നുണ്ട്. നാട്ടില്‍ കാത്തിരിക്കുന്നത് ക്വാറന്റീന് മുറികളാണെങ്കിലും എങ്ങനെയെങ്കിലും അവിടെ എത്തണമെന്ന ആഗ്രഹത്തോടെ കഴിയുന്നവരാണിവര്‍. ഇതിനുപുറമെ, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ദുബൈ വഴി കേരളത്തിലേക്ക് യാത്ര ചെയ്തവരും യു.എ.ഇയില്‍ കുടുങ്ങിയിട്ടുണ്ട്. ജര്‍മനി, പാകിസ്താന്, സുഡാന്, ഇറാന് തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ നാട്ടുകാരെ വിമാനം അയച്ച് സ്വന്തം നാട്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍, കോവിഡ് ഭീതിയുടെ പേരില്‍ ഇന്ത്യ ഇതുവരെ വിമാനം അയക്കുകയോ മറ്റു രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയോ ചെയ്തിട്ടില്ല.
കനത്ത മെഡിക്കല്‍ പരിശോധനക്കുശേഷമാണ് യു.എ.ഇയില്‍നിന്ന് യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നത്. അനുമതി ലഭിച്ചാല്‍ പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്യാന്‍ തയാറാണെന്ന് മലയാളിയായ സ്മാര്‍ട്ട് ട്രാവല്‍സ് എം.ഡി അഫി അഹ്മദ് വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനപ്രകാരം യു.എ.ഇയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വിസിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് യു.എ.ഇയിലെത്താനുള്ള സര്‍വിസിന് അനുമതി നല്‍കിയിട്ടില്ല. യാത്ര വിലക്കുകള്‍ മാറുന്നതിന് അനുസരിച്ച് സര്‍വിസ് സജീവമാക്കുമെന്നും യാത്രക്കാരുടെ സുരക്ഷക്കായിരിക്കും മുന്‍ഗണനയെന്നും എമിറേറ്റ്സ് വ്യക്തമാക്കി.

