കൊറോണ: കാസർഗോഡ് ജില്ലയില്‍ നിയന്ത്രണം തുടരും

കാസർഗോഡ് മാർച്ച് 19: ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും സഹകരണത്തോടെ നിരീക്ഷണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കൊറോണ വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാ മേഖലകളിലുള്ളവരും കര്‍ശനമായി പാലിക്കണം. 

വിദേശത്തു നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ  സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികള്‍ കൂടുതല്‍ ഊര്‍ജിത പെടുത്തിയിട്ടുണ്ട്. 

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും  വന്നവര്‍  ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ വിവരമറിയിക്കണം. നമ്പര്‍ 9946000493.  രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗ ലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍  അറിയിച്ചതിനു ശേഷം മാത്രം ആശുപത്രിയെ സമീപിക്കണം. യാതൊരു കാരണവശാലും നീരീക്ഷണ കാലയളവില്‍ കുടുംബത്തില്‍ നടക്കുന്ന സ്വകാര്യ ചടങ്ങുകളിലും മറ്റു പൊതു പരിപാടികളികളിലും ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും പങ്കെടുക്കാന്‍ പാടില്ല.

ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, എഡി.എം.എന്‍ ദേവിദാസ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.എം.വി. രാംദാസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മനോജ് എ.ടി ഡെപ്യൂട്ടി കളക്ടര്‍മാരായ പി.ആര്‍ രാധിക, ഷംസുദീന്‍ വി.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →