മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ പാറഖനനത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രമേയം പാസ്സാക്കി

കാക്കനാട് മാർച്ച് 12: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മണിയന്തടം മലയിലെ പാറഖനനത്തിനെതിരെ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക യോഗം പ്രമേയം പാസ്സാക്കി. മണിയന്തടം മലയിലെ പാറഖനനത്തിനെതിരെ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തും മൂവാറ്റുപുഴ താലൂക്ക് വികസന സമിതിയും പ്രമേയം പാസ്സാക്കിയിട്ടുള്ളതാണ്. വ്യവസായ സംരംഭങ്ങള്‍ക്ക് തടസ്സം കൂടാതെ അനുമതി ലഭിക്കുന്നതിനായുള്ള കെ സ്വിഫ്റ്റ് സംവിധാനത്തെ ദുരുപയോഗം ചെയ്താണ് പാറമട ഉടമ ഖനനാനുമതി നേടിയതെന്ന് പ്രമേയം അവതരിപ്പിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് പറഞ്ഞു.

ജനവാസ കേന്ദ്രമായ ഹരിജന്‍ കോളനിയുള്ള പ്രദേശം 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ളതും അപകട മേഖലയില്‍ സ്ഥിതിചെയ്യുന്നതുമാണ്. പാറമടയ്‌ക്കെതിരെ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടെന്നും  പാറമടയ്ക്ക് ലൈസന്‍സ് അനുവദിച്ചാല്‍ പഞ്ചായത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുമെന്നും പ്രമേയത്തില്‍ പറയുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ പാറമടയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും യാതൊരു കാരണവശാലും അനുമതി നല്‍കരുതെന്നും ആവശ്യപ്പെടുന്ന പ്രമേയം പുല്ലുവഴി ഡിവിഷന്‍ അംഗം ബേസില്‍ പോള്‍ പിന്താങ്ങുകയും യോഗം ഐകകണ്‌ഠ്യേന പാസ്സാക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →