കാസർഗോഡ് മാർച്ച് 11: ഒരേ സമയം ഒന്നിലധികം കേന്ദ്രങ്ങളില്‍ പരാതി നല്‍കുന്ന പ്രവണത ശരിയല്ലെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ ഷാഹിദാ കമാലും ഇ എം രാധയും പറഞ്ഞു .കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍, ഇതേ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന കാര്യം മറച്ചുവെക്കുകയും ചെയ്യുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ കമ്മീഷന് ഇടപെടാന്‍ സാധ്യമല്ല. പരാതിക്കാരുടെ ഇത്തരം പ്രവണതകള്‍ കമ്മീഷന്റെ സമയം അപഹരിക്കുകയും വനിതാ കമ്മീഷനില്‍ മാത്രം പരാതി നല്‍കി നീതി കാത്തിരിക്കുന്നവര്‍ക്ക്, നീതീ വൈകിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.
ജില്ലയില്‍ മറ്റു പല തര്‍ക്കങ്ങളുടെയും പേരില്‍ പുരുഷന്‍മാര്‍ ഭാര്യമാരെ ഉപയോഗിച്ച് അയല്‍വാസികള്‍ക്കെതിരെ പരാതി നല്‍കുന്ന പ്രവണത ഏറിവരുകയാണ്. ഇത്തരം പ്രവണതകള്‍ ആരോഗ്യകരമല്ല. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 10 പരാതികള്‍ പരിഹരിച്ചു. 40 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ മൂന്ന് കേസുകളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. അവശേഷിക്കുന്ന 27 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ എം രാധ എന്നിവരുടെ നേതൃത്വത്തില്‍ പാനല്‍ അഡ്വക്കേറ്റുമാരായ എസ് രേണുകദേവീ തങ്കച്ചി, പി സിന്ധു, വനിതാ സെല്‍ സി ഐ സി ഭാനുമതി, സിവില്‍ പോലീസ് ഓഫീസര്‍ സുപ്രിയ കെ വി, ഫാമിലി കൗണ്‍സിലര്‍ എസ് രമ്യമോള്‍ എന്നിവര്‍ അദാലത്തില്‍ സംബന്ധിച്ചു.
