തിരുവനന്തപുരം മാർച്ച് 10: മാസ്‌ക്കുകൾക്കും സാനിറ്ററൈസറുകൾക്കും അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റെയ്ഡ് ഉൾപ്പെടെ ശക്തമായ നടപടിയെടുക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മാസ്‌ക്കുകൾക്കും സാനിറ്ററൈസറുകൾക്കും അമിതവില ഈടാക്കുന്നത് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഔഷധ വ്യാപാര രംഗത്ത് ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ എല്ലാ ഔഷധവ്യാപാര സ്ഥാപനങ്ങളും നീതിയുക്തമായ രീതിയിൽ വിപണനം നടത്തുന്നതിന് കർശന നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.