കാസർഗോഡ് ഫെബ്രുവരി 29: കാസര്‍കോട് കസബ കടപ്പുറത്ത് മലേറിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയാതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ എ വി രാംദാസ് അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്റ്റര്‍ കണ്ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ 11 ദിവസങ്ങളിലായി വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ഡിവിസി യൂണിറ്റ് പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ 700 ഓളം വീടുകള്‍ സന്ദര്‍ശിക്കുകയും സ്‌പ്രേയിങ്, ഫോഗിങ്, മരുന്ന് തെളിക്കല്‍, ഗപ്പി മല്‍സ്യ നിക്ഷേപം, പനി നിരീക്ഷണം, വീടുകള്‍തോറും കയറിയിറങ്ങി രക്തപരിശോധന കൊതുകുകളുടെ ഉറവിടനശീകരണം, മറ്റു ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, കൊതുകുവല വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നു. സ്റ്റേറ്റ് എപിഡമോളജിസ്‌റ് ഡോ ആരതി രഞ്ജിത്, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ മനോജ് എ ടി, ജില്ലാ മലേറിയ ഓഫീസര്‍ പ്രകാശ് കുമാര്‍ കെ എന്നിവര്‍ സ്ഥലം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പനിയോ മറ്റ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആശാ അല്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. ജനങ്ങള്‍ കൊതുകു കടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി തുറസ്സായ സ്ഥലങ്ങളില്‍ ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇടവിട്ടുള്ള ശക്തിയായ പനി, വിറയല്‍, പനി മാറുമ്പോഴുള്ള അമിതമായ വിയര്‍പ്പ് തലവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. സാധാരണ പനിയും തലവേദനയും മാത്രമായും രോഗലക്ഷണങ്ങള്‍ കാണാവുന്നതാണ്. രോഗം വരാതിരിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്.
ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും കൊതുകു വലയ്ക്കുള്ളില്‍ കിടന്നുറങ്ങുന്നതും കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍, കൊതുകുതിരി തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എയര്‍ ഹോള്‍, വാതിലുകള്‍, ജനലുകള്‍ എന്നിവിടങ്ങളില്‍ കൊതുക് കടക്കാത്തവിധം സുരക്ഷിതം ആക്കുന്നതും വളരെ ഫലപ്രദമാണ്. വെള്ളം ശേഖരിച്ചു വെക്കുന്ന ടാങ്കുകള്‍ പാത്രങ്ങള്‍ മുതലായവ കൊതുക്കടക്കാത്തവിധം ഭദ്രമായി അടച്ചു സൂക്ഷിക്കേണ്ടതാണ്. വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം. നിര്‍മ്മാണം നടക്കുന്ന കെട്ടിടങ്ങളുടെ ടെറസ്സ്, സിമന്റ് പിറ്റ് മുതലായവയിലും കൊതുകുവളരും, കൊതുക് വളരുന്ന എല്ലാ ജല ശേഖരങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ കൂത്താടി നാശിനി തളിക്കുകയോ ഗപ്പി പോലെയുള്ള മത്സ്യങ്ങളെ നിക്ഷേപിക്കുകയോ ചെയ്യേണ്ടതാണ്.