എല്ലാ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കണം: മന്ത്രി കെ.കെ ശൈലജ

കോഴിക്കോട് ഫെബ്രുവരി 29: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി എല്ലാ വാര്‍ഡിലും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ 20 വീടുകള്‍ക്കായി ഒരു ആരോഗ്യ സേന രൂപീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ആരോഗ്യജാഗ്രത 2020-21 പദ്ധതിയുടെ കോര്‍പ്പറേഷന്‍ തല ഉദ്ഘാടനവും ആര്‍ദ്രം 2020-21 പദ്ധതിയുടെ പ്രഖ്യാപനവും ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ സേനയില്‍ രോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള നാലുപേരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി ചുമതലപ്പെടുത്തണം. ആദ്യഘട്ടത്തില്‍ ആഴ്ചയിലൊരിക്കല്‍ 20 വീടുകളും സന്ദര്‍ശിക്കണം. ഇവര്‍ പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. കടകള്‍ കേന്ദ്രീകരിച്ചും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് മന്ത്രി പറഞ്ഞു. ആശാ പ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പിന്റെ  നട്ടെല്ലാണെന്നും ആരോഗ്യവകുപ്പില്‍ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വിഭാഗമാണ് ശുചീകരണ തൊഴിലാളികളെന്നും മന്ത്രി പറഞ്ഞു. ആശാ പ്രവര്‍ത്തകരുടെ കോര്‍പ്പറേഷന്‍ തല നിയമനവും കോര്‍പ്പറേഷന്റെയും ഗവണ്‍മെന്റ് നഴ്സിംഗ് കോളേജിന്റെയും വിവിധ ആരോഗ്യസ്ഥാപനങ്ങളുടെയും സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന നാലാമത് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എ പ്രദീപ് കുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, മെഡിക്കല്‍ ഓഫീസര്‍ ഡോ വി. ജയശ്രീ എന്നിവര്‍ മുഖ്യാതിഥികളായി. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അംഗങ്ങളായ കെ.വി ബാബുരാജ്, പി.സി രാജന്‍, അനിതാ രാജന്‍, എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം.സി അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ സി അബ്ദുറഹിമാന്‍, പി കിഷന്‍ ചന്ദ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ് ഗോപകുമാര്‍, ജില്ലാ പ്രോഗാം മാനേജര്‍ ഡോ എ നവീന്‍, ഗവ നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ.എം പൊന്നമ്മ, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണ പ്രദര്‍ശനവും ക്ലാസുകളും നടത്തി. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →