തിരുവനന്തപുരം ഫെബ്രുവരി 29: സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് നൽകുന്ന സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ അവാർഡ് നൽകുന്നത്.
500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന വിഭാഗത്തിൽ കൊച്ചി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറി അവാർഡിനർഹമായി.
എൻജിനിയറിംങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് &സർവ്വീസിംഗ്, ടെക്‌സ്‌റ്റൈൽസ് & കയർ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്നും കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡും, മറ്റുള്ളവ എന്ന വിഭാഗത്തിൽ സെയിന്റ് ഗോബെയിൻ ഇന്ത്യ ലിമിറ്റഡും അവാർഡിനർഹരായി.
20 മുതൽ 100 പേരിൽ താഴെ തൊഴിലാളികളുള്ള വ്യവസായശാലകളിൽ എൻജിനിയറിംങ് മത്സരാധിഷ്ഠിത വ്യവസായങ്ങൾ, കാഷ്യൂ ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ അവാർഡ് മണിയാർ ഹൈഡ്രോ ഇലക്ട്രിക്ക് പവർ സ്റ്റേഷനാണ്. കെമിക്കൽ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ എന്നീ വിഭാഗത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, പ്രൊഡയർ എയർ പ്രൊഡക്ടസ് ലിമിറ്റഡ് എന്നിവർ അവാർഡിന് അർഹരായി. ആയുർവേദ മരുന്നുകൾ, സ്റ്റോൺ ക്രഷർ, എസ് പ്ലാന്റ് എന്നീ വിഭാഗത്തിൽ പ്രൈമ പ്ലാസ്റ്റിക്‌സ് ലിമിറ്റഡും മറ്റുള്ളവ എന്ന വിഭാഗത്തിൽ മലയാള മനോരമ കമ്പനി (പി) ലിമിറ്റഡ്, അച്ചൂർ എസ്റ്റേറ്റ് ടീ ഫാക്ടറി എന്നിവയ്ക്കുമാണ് അവാർഡ്.
ഇവ കൂടാതെ ബെസ്റ്റ് സേഫ്റ്റി കമ്മിറ്റി, ബെസ്റ്റ് സ്റ്റാറ്റിയുറ്ററി സേഫ്റ്റി ഓഫീസർ, ബെസ്റ്റ് സ്റ്റാറ്റിയുറ്ററി വെൽഫെയർ ഓഫീസർ, ബെസ്റ്റ് സേഫ്റ്റി വർക്കർ എന്നീ വിഭാഗങ്ങളിലും അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകൾ മാർച്ച് നാലിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ രാവിലെ 11.00ന് നടക്കുന്ന ചടങ്ങിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ മുഖ്യപ്രഭാഷണം നടത്തും.
