കൊല്ലം ഫെബ്രുവരി 27: കൊല്ലത്ത് ഇളവൂരില്‍ ആറുവയസ്സുകാരിയെ കാണാതായി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. കുട്ടിയുടെ അമ്മ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വീടിന്‍റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. അഗ്നിശമന സേനയെത്തി പുഴയിലും തിരച്ചിലാരംഭിച്ചു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന നിഗമനവും പോലീസിനുണ്ട്. അഞ്ച് കിമീ ചുറ്റളവില്‍ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ച് വരികയാണ്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറിയിട്ടുണ്ട്.