ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പോലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ തത്കാലം ഇടപെടാന്‍ സാധിക്കില്ല, ഷഹീന്‍ബാഗിലെ റോഡ് ഉപരോധം മാത്രമേ ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹിയിലെ സംഘര്‍ഷ വിഷയങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും അറിയിച്ച് ജസ്റ്റിസ് സഞ്ജയ് കിഷനും കെഎന്‍ ജോസഫും അടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. സംഭവത്തില്‍ പോലീസിനെ രൂക്ഷമായി സുപ്രീംകോടതി വിമര്‍ശിച്ചു. കലാപം അടിച്ചമര്‍ത്താന്‍ നിര്‍ദ്ദേശങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമായി പോലീസ് കാത്തിരിക്കേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. 13 പേരുടെ ജീവന്‍ നഷ്ടമായത് ചെറുതായി കാണാന്‍ സാധിക്കില്ലെന്നും അക്രമണങ്ങളെ പോലീസ് നിയമപരമായി നേരിടണമെന്നും കോടതി വിമര്‍ശിച്ചു.

