തൃശ്ശൂര്‍ ജനുവരി 16: തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസിനു ചുറ്റുമുള്ള റോഡിലാണ് ഹാപ്പി ഡേയ്സ് തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന ദിവസം കേരള ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 5300 മീറ്റര്‍ നീളമുള്ള കേക്ക് നിര്‍മ്മാണത്തിലൂടെ ഗിന്നസ് റെക്കോര്‍ഡ് ഭേദിച്ചത്. നിലവിലുള്ള ചൈനീസ് റെക്കോര്‍ഡ് തകര്‍ക്കുന്നത് കാണാന്‍ ജനം ആര്‍ത്തിരമ്പി. തൃശൂര്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ കടലായി മാറി.
ഗിന്നസ് റെക്കോര്‍ഡ് പ്രതിനിധിയായി തൃശൂരിലെത്തിയ നാസിക് സ്വദേശി സ്വപ്നില്‍ മഹേഷ് ഡങ്കാര്‍കര്‍ 3 റൗണ്ട് കേക്ക് നിര്‍മ്മാണ പരിശോധന നടത്തിയ ശേഷമാണ് ചരിത്ര പ്രഖ്യാപനം നടത്തിയത്. സാംസ്കാരിക നഗരിയിലെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് തൃശൂരിന് അഭിമാനമായി ലഭിച്ച അംഗീകാരത്തെ വരവേറ്റത്.
2018ല്‍ ചൈനീസ് ബേക്കറി അസോസിയേഷന്‍ 3188 മീറ്റര്‍ നീളത്തില്‍ ഉണ്ടാക്കിയ നിലവിലുള്ള ഗിന്നസ് റെക്കോര്‍ഡാണ് മറികടന്നത്. 160 യൂണിറ്റുകളില്‍ നിന്ന് ആയിരത്തിലധികം ഷെഫുമാര്‍ പങ്കെടുത്ത് 23 ടണ്‍ കേക്കാണ് ഈ ചരിത്രമൂഹൂര്‍ത്തത്തിനായി ഉപയോഗിച്ചത്. 61 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി വിനിയോഗിച്ചത്. 3000 ടേബിളും 920 മീറ്റര്‍ പരവതാനിയും ഇതിനായി ഉപയോഗിച്ചു. അഞ്ച് ഇഞ്ച് വീതിയും അഞ്ച്ഇഞ്ച് ഉയരവുമാണ് കേക്കിനുള്ളത്. 6500 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചെങ്കിലും സമയപരിമിധികൊണ്ടു മാത്രം 5300 മീറ്റര്‍ മാത്രമേ പൂര്‍ത്തിയാക്കാനായുള്ളു.
തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, തൃശൂര്‍ എം.പി. ടി.എന്‍.പ്രതാപനും ചേര്‍ന്ന് കേക്ക് നിര്‍മ്മാണത്തില്‍ പങ്കാളിയായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ടി.എസ്. പട്ടാഭിരാമന്‍, ഡെപ്യൂട്ടി മേയര്‍ റാഫി.പി. ജോസ്, ചേമ്പര്‍ പ്രസിഡന്‍റ് ടി.ആര്‍.വിജയകുമാര്‍, ബേക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ കിരണ്‍.എസ്.പാലക്കല്‍, റോയല്‍ നൗഷാദ് പി.എം.ശങ്കരന്‍, ചേമ്പര്‍സെക്രട്ടറി എം.ആര്‍.ഫ്രാന്‍സിസ്, ട്രഷറര്‍ ടി.എ. ശ്രീകാന്ത്, വര്‍ഗീസ് കണ്ടംകുളത്തി, അനുപ് ഡേവിസ് കാട, ഓസ്കാര്‍ ഈവന്‍റ് എം.ഡി.ജനീഷ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.
ജനുവരി 15 ഉച്ചക്ക് 2.30 ന് ആരംഭിച്ച കേക്ക് നിര്‍മ്മാണം 7.10 നാണ് തീര്‍ന്നത്. ഗിന്നസ് റെക്കോര്‍ഡ് പ്രതിനിധി രാത്രി 10.20നാണ് പ്രഖ്യാപനം നടത്തിയത്. കേക്ക് പ്രദര്‍ശനം കാണാന്‍ വന്നവര്‍ക്കെല്ലാം ഒരോ കിലോ കേക്ക് ബോക്സുകളില്‍ വിതരണം ചെയ്താണ് ഉത്സവനാളിന് തിരശ്ശില വീണത്.