ന്യൂഡല്‍ഹി നവംബര്‍ 20: പത്ത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഫോണും വാട്‌സ്അപ്പ് വിവരങ്ങളും നിരീക്ഷിക്കാനായി അധികാരപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിച്ചു. രാജ്യത്തെ വാട്‌സ്അപ്പ് വഴിയുള്ള ഫോണ്‍വിളികളും സന്ദേശങ്ങളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടോയെന്നുള്ള എംപി ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജി കിഷന്‍ റെഡ്ഡി. വിവരങ്ങള്‍ നിരീക്ഷിക്കാന്‍ നിയമപരമായി മാത്രമേ സാധിക്കുള്ളൂവെന്നും റെഡ്ഡി വ്യക്തമാക്കി.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ (ഐടി) വകുപ്പ് 69, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിലെ വകുപ്പ് 5 പ്രകാരം ഇത്തരത്തിലുള്ള കേസുകള്‍ സ്ഥിരീകരിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ്.
കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികള്‍ താഴെ പറയുന്നവയാണ്
ഇന്റലിജന്‍സ് ബ്യൂറോ, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, ക്യാബിനറ്റ് സെക്രട്ടേറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ് (ജമ്മു കാശ്മീരിലെയും ആസാമിലെയും സര്‍വ്വീസ് പ്രദേശത്ത് മാത്രം), ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍.
കേന്ദ്ര സര്‍ക്കാരിന്റെ കാര്യത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും ഓരോ കേസും പരിശോധിച്ച് അനുമതി നല്‍കും.