ന്യൂഡല്‍ഹി നവംബര്‍ 18: ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 9.30യ്ക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 17 മാസം ബോബ്ഡെ ഈ പദവിയിലുണ്ടാകും. അയോദ്ധ്യ, ശബരിമല തുടങ്ങിയ സുപ്രധാന വിഷയങ്ങളിലുള്ള നിയമപോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിന് കീഴിലാകും പരിഗണിക്കുക.
ഉപരാഷ്ട്രപതി വെങ്കയ് നായിഡു, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
1956 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ബോബ്ഡെ ജനിച്ചത്. മുതിര്‍ന്ന അഭിഭാഷകനായിരുന്ന അരവിന്ദ് ശ്രീനിവാസ് ബോബ്ഡെയുടെ മകനാണ്. 19778ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2000 മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 2012ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.