അയോദ്ധ്യയിലെ തര്‍ക്കസ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കാന്‍ വിധി, സുന്നി വഖഫ് ബോര്‍ഡിന് പകരം അഞ്ചേക്കര്‍

ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് , ജസ്റ്റിസ് ബോബ്ഡെ, ജസ്റ്റിസ് അബ്ദുള്‍ നസീര്‍

ന്യൂഡല്‍ഹി നവംബര്‍ 9: സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോദ്ധ്യകേസില്‍ വിധി പ്രസ്താവിച്ചു. രാമജന്മഭൂമി ഉള്‍പ്പെടുന്ന 2.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുകൊടുക്കുവാനും, ഈ ഭൂമിയില്‍ അവകാശം ഉന്നയിച്ച സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ പകരമായി കണ്ടെത്തികൊടുക്കുവാനുമാണ് അഞ്ചംഗ ബെഞ്ചിന്റെ റെ വിധി. അഞ്ച് ജഡ്ജിമാരും ഏകാഭിപ്രായത്തിലാണ് വിധി പ്രസ്താവിച്ചിട്ടുള്ളത്.

1992 ല്‍ തര്‍ക്ക സ്ഥലത്തെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് നിയമലംഘനമാണെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചു. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ട്രസ്റ്റ് രൂപീകരിക്കുവാനും വിധിയിലൂടെ ലഭ്യമായ ഭൂമി ട്രസ്റ്റില്‍ നിക്ഷിപ്തമാക്കി ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുവാനും കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 1045 പേജുള്ളതാണ് വിധിന്യായം. ഇന്ന് കോടതി ചേര്‍ന്ന ഉടനെതന്നെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിധിയുടെ സുപ്രധാന ഭാഗങ്ങള്‍ അര മണിക്കൂര്‍കൊണ്ട് പ്രസ്താവിക്കുകയായിരുന്നു.

വിധിയുടെ ഉള്ളടക്കം ഇനി പറയുന്നത് പ്രകാരമാണ്. മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ 1993ലെ അയോദ്ധ്യ ആക്ടിന്റെ സെക്ഷന്‍ 6,7 വകുപ്പുകള്‍ പ്രകാരം ഭൂമി ഏറ്റെടുക്കണം. ഈ ആക്ടിന്‍റെ സെക്ഷന്‍ 6 അനുസരിച്ച് ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിലെ ട്രസ്റ്റികള്‍ ആരെന്ന് തീരുമാനിക്കണം. 2.77 ഏക്കര്‍ വരുന്ന രാമജന്മഭൂമിയിലെ മന്ദിരത്തിന്റെ അകത്തും പുറത്തും ഉള്‍പ്പെടെയുള്ള ഭൂമി ഈ ട്രസ്റ്റില്‍ നിക്ഷിപ്തമാക്കണം. ഭൂമി ഏറ്റെടുത്ത് കൈമാറുന്നത് വരെയും തര്‍ക്കഭൂമി കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന റിസീവറുടെ കൈവശമായിരിക്കണം.

തര്‍ക്കഭൂമി ട്രസ്റ്റിന് കൈമാറുന്നതിന് ഒപ്പംതന്നെ അനുയോജ്യമായ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി ഏറ്റെടുത്ത് സുന്നി വഖഫ് ബോര്‍ഡിന് കൈമാറണം. അയോദ്ധ്യ ആക്ട് 1993 പ്രകാരം കേന്ദ്രഗവണ്‍മെന്‍റ് ഏറ്റെടുക്കുന്ന ഭൂമിയില്‍നിന്ന് ഈ അഞ്ചേക്കര്‍ ഭൂമി നല്‍കാവുന്നതാണ്. അതുമല്ലെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ അയോദ്ധ്യയില്‍ അനുയോജ്യവും പ്രാധാന്യമുള്ളതുമായ ഒരിടത്ത് ഭൂമി ഏറ്റെടുത്ത് വഖഫ് ബോര്‍ഡിന് കൈ മാറാവുന്നതാണ്.

ഇങ്ങനെ ഏറ്റെടുത്ത് കൈമാറുന്ന ഭൂമിയില്‍ ഒരു മോസ്ക്ക് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും ഇതര സൗകര്യങ്ങള്‍ അവിടെ ഉണ്ടാക്കുന്നതിനും സുന്നി വഖഫ് ബോര്‍ഡിന് അധികാരമുണ്ടായിരിക്കും. സുന്നി വഖഫ് ബോര്‍ഡിന് ഭൂമി അനുവദിക്കാനുള്ള ഉത്തരവ് ഭരണഘടനയുടെ 142-ാം ആര്‍ട്ടിക്കിള്‍ പ്രകാരമാണ് എന്ന് വിധിയില്‍ പറയുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സാങ്കല്‍പ്പികമെന്ന് കരുതി തള്ളിക്കളയാനാകില്ലെന്ന് കോടതി വിധിന്യായത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ശൂന്യമായി കിടന്ന ഒരു സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്ന് പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. ബാബറി മസ്ജിദിന്‍റെ അടിയില്‍ കാണപ്പെട്ട നിര്‍മ്മാണങ്ങള്‍ ഇസ്ലാമിക രീതിയിലുള്ളതല്ലായെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ കാണപ്പെട്ട അവശിഷ്ടങ്ങള്‍ ഒരു ഹിന്ദു ക്ഷേത്രത്തിന്റെതാണെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഹിന്ദു മാതൃകയിലുള്ളതാണ് ആ നിര്‍മ്മാണങ്ങളെന്ന് കണ്ടെത്തിയാല്‍ തന്നെയും അത് മോസ്കിന്റെ അടിയില്‍ കാണപ്പെടുന്നുവെന്നുള്ളതുകൊണ്ട് മാത്രം അതിന്റെ അവകാശം ഹിന്ദുക്കള്‍ക്ക് ലഭിക്കേണ്ടതില്ലായെന്ന് കോടതി പറയുന്നു. എന്നാല്‍ രാമജന്മഭൂമിയാണ് അവിടം എന്ന ഹിന്ദുക്കളുടെ വിശ്വാസം നിസ്തര്‍ക്കമാണെന്നും കോടതി പറഞ്ഞു. നിയമസംരക്ഷണം ലഭിക്കാന്‍ അര്‍ഹതയുള്ള വ്യക്തിത്വം രാമജന്മഭൂമിക്ക് നല്‍കാന്‍ കഴിയുകയില്ല. എന്നാല്‍ ശ്രീരാമ വിഗ്രഹത്തിന് നിയമസാധുതയുള്ള വ്യക്തിത്വമുണ്ടെന്നും കോടതി വിധിച്ചു.

സുന്നി വഖഫ് ബോര്‍ഡിന്റെ പരാതി നിലനില്‍ക്കുന്നതാണ്. എന്നാല്‍ വഖഫ് ബോര്‍ഡ് ഉന്നയിച്ച ഭൂമിയുടെ കൈവശവകാശം സംബന്ധിച്ച വാദങ്ങള്‍ അവര്‍ക്ക് തെളിയിക്കുവാന്‍ കഴിഞ്ഞിട്ടില്ല. 1857നു മുമ്പ് മുതലേ ഈ സ്ഥലം ഹിന്ദുക്കളുടെ ആരാധനസ്ഥലമായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തര്‍ക്ക മന്ദിരത്തിനു പുറത്തുള്ള മൈതാനത്ത് ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നു എന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 1857നു മുമ്പ് തര്‍ക്ക മന്ദിരത്തിന്റെ ഉള്‍ത്തളം മുസ്ലീമുകളുടെ കൈവശത്തിലായിരുന്നു എന്ന് തെളിയിക്കുവാന്‍ വഖഫ് ബോര്‍ഡിന് കഴിഞ്ഞില്ല.

അലഹബാദ് ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്. അവകാശവാദമുന്നയിച്ച മൂന്ന് കക്ഷികള്‍ക്കിടയില്‍ ഭൂമി വിഭജിച്ച് നല്‍കുകയാണ് അലഹബാദ് ഹൈക്കോടതി ചെയ്തത്. തര്‍ക്കത്തെ സംബന്ധിച്ച് തീര്‍പ്പുണ്ടാക്കുകയാണ് അലഹബാദ് ഹൈക്കോടതി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ തര്‍ക്കാര്‍ക്കിടയില്‍ ഭൂമി വിഭജിച്ച നടപടി തെറ്റാണെന്ന് സുപ്രീംകോടതി പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീംകോടതിയുടെ മുമ്പില്‍ ഉണ്ടായിരുന്നത്. അതില്‍ രാംലല്ലയ്ക്കു വേണ്ടിയും നിര്‍മോഹി അഖാഡയ്ക്ക് വേണ്ടിയും നല്‍കപ്പെട്ട അപ്പീലുകളായിരുന്നു പ്രധാനപ്പെട്ടത്. രാമനെ നിയമസാധുതയുള്ള ഒരു വ്യക്തിയായി അവതരിപ്പിച്ചുകൊണ്ട് ഫയല്‍ ചെയ്ത അപ്പീലില്‍ കെ. പരാശരന്‍, സി.എസ്. വൈദ്യനാഥന്‍ എന്നിവരായിരുന്നു ഹാജരായത്.

കോടതിയില്‍ അവര്‍ ഉന്നയിച്ച പ്രധാന വാദമുഖങ്ങള്‍ താഴെപ്പറയുന്നവയാണ്.

  • 2.77 ഏക്കര്‍ വരുന്ന തര്‍ക്കസ്ഥലം മുഴുവനും രാമന്റെ ജന്മസ്ഥലമാണ്.
  • രാമജന്മഭൂമിയെന്നത് നിയമസാധുതയുള്ള ഒരു വ്യക്തിത്വമാണ്
  • മറ്റാര്‍ക്കെങ്കിലും ഈ സ്ഥലം കൈവശം വെയ്ക്കുന്നതിനോ പങ്കിട്ട് കൈവശം വെയ്ക്കുന്നതിനോ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍, രാമജന്മഭൂമിയെന്നത് നിയമസാധുതയുള്ള ഒരു വ്യക്തിത്വമാണ്. അതിനെ വിഭജിക്കാന്‍ പാടില്ല.
  • രാമജന്മസ്ഥാനത്ത് ശ്രീരാമചൈതന്യം കുടികൊള്ളുന്നുവെന്ന് നൂറ്റൂണ്ടുകളായി കോടാനുകോടി ഹിന്ദുക്കള്‍ വിശ്വസിക്കുന്നുണ്ട്. ഈ വിശ്വാസം തന്നെ തര്‍ക്കസ്ഥലം രാമജന്മഭൂമിയാണെന്ന് തെളിയിക്കുന്നു.
  • ഈ ഭൂമിയുടെ കൈവശാവകാശം മതപരമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പൗരാണികമായ അനുഷ്ഠാനങ്ങളുടെയുമൊക്കെ ഭാഗമാണ്.
  • ഹിന്ദു വിശ്വാസപ്രകാരം വിഗ്രഹങ്ങള്‍ മാത്രമല്ല, സൂര്യന്‍, നദികള്‍, വൃക്ഷങ്ങള്‍ ഇവയ്ക്കെല്ലാം ദൈവീകത കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാമജന്മഭൂമിയെന്നത് ഹിന്ദു വിശ്വാസപ്രകാരം ദൈവീകത അടങ്ങുന്ന ഒന്നാണ്.
  • ബി.സി രണ്ടാം നൂറ്റാണ്ടിന് പിന്നില്‍ നിര്‍മ്മിക്കപ്പെട്ട വലിയ ഒരു നിര്‍മ്മിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതിരിക്കുന്നത് എന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
  • ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടു പ്രകാരം ആ നിര്‍മ്മാണ അവശിഷ്ടങ്ങളില്‍ കാണപ്പെടുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ഒക്കെ രൂപങ്ങള്‍ ഒരു മോസ്ക്കില്‍ ഉണ്ടാകാന്‍ ഇടയില്ലാത്തതാണ്. എന്തുകൊണ്ടെന്നാല്‍ ഇസ്ലാമികവിശ്വാസം അത്തരം രൂപങ്ങളെ നിരോധിക്കുന്നുണ്ട്. അതുകൊണ്ട് ഇസ്ലാമിക നിയമപ്രകാരം നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒന്നല്ല ബാബറിമസ്ജിദ് എന്ന് തെളിയുന്നു.
  • ഏതെങ്കിലും ഒരു നിര്‍മ്മാണം തകര്‍ത്ത് അതിനുമേല്‍ മോസ്ക്ക് പണിയുവാന്‍ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ബാബറിമസ്ജിദിനെ ഒരു മോസ്ക്കായി കാണുവാന്‍ പറ്റുകയില്ല.
  • പൗരാണിക കൃതികളും സൂക്തങ്ങളും അയോദ്ധ്യയെ രാമന്റെ ജന്മഭൂമിയായി പറയുന്നുണ്ട്. തര്‍ക്കസ്ഥലം തന്നെയാണ് രാമന്റെ ജന്മഭൂമിയെന്ന് വിശ്വാസം ഭക്തര്‍ പുലര്‍ത്തി വരുന്നു. പണ്ടുമുതലെയുളള ഈ വിശ്വാസം, തര്‍ക്കസ്ഥലം രാമജന്മഭൂമിയാണെന്നതിന്റെ തെളിവാണ്.
  • ഹിന്ദുക്കളെ സംബന്ധിച്ച് അയോദ്ധ്യ രാമന്റെ ജന്മസ്ഥലമെന്നനിലയില്‍ പ്രത്യേക പ്രാധാന്യമുള്ള ഇടമാണ്. രാമജന്മഭൂമി സന്ദര്‍ശിക്കുന്നത് മോക്ഷം ലഭിക്കുവാനുള്ള വഴിയാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.
  • മുസ്ലിങ്ങള്‍ നമാസ് നടത്താതിരിക്കുന്ന ഒരു സ്ഥലം ആയതിനാല്‍ ബാബറിമസ്ജിദ് ഒരു മുസ്ലീം ആരാധനാലയമായി നിലനില്‍ക്കുന്നില്ല.
  • 1955-ലെ കേസിലെ പരാതിക്കാരനായ മഹന്ദ് രഘുബാര്‍ദാസ് മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും പ്രതിനിധി അല്ല. ആ കേസില്‍ രഘുബര്‍ദാസ് ഉന്നയിച്ച ആവശ്യങ്ങള്‍ മന്ദിരത്തിന്റെ പുറത്തുള്ള തളത്തെപ്പറ്റിയും ചബൂത്തറയെപ്പറ്റിയും മാത്രമുള്ളതായിരുന്നു.

സുന്നി വഖഫ് ബോര്‍ഡ് ഉന്നയിച്ച വാദമുഖങ്ങള്‍ ഇനിപറയുന്നവയായിരുന്നു.

  • വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ തര്‍ക്കസ്ഥലത്തിന്റെ അവകാശം ഒരു കൂട്ടര്‍ക്ക് ലഭിക്കാനര്‍ഹതയില്ല. പൗരാണിക കൃതികളിലും സൂക്തങ്ങളിലും പ്രതിപാദ്യമുണ്ട് എന്നുള്ളതും തര്‍ക്കസ്ഥലത്തിന്റെ അവകാശം ലഭിക്കാനുള്ള കാരണങ്ങളല്ല.
  • ഒരു വിഗ്രഹത്തിന് നിയമസാധുതയുള്ള വ്യക്തിത്വം കല്‍പിച്ചു നല്‍കുന്നതുപോലെ ഒരു തുണ്ട് ഭൂമിക്ക് നിയമസാധുതയുള്ള വ്യക്തിത്വം കല്‍പിക്കുവാന്‍ കഴിയുന്നതല്ല.
  • 1855 ല്‍ മഹന്ദ് രഘുബര്‍ദാസ് ഫയല്‍ ചെയ്ത കേസില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്.

  • തര്‍ക്കമന്ദിരത്തിന്റെ പുറത്തുള്ള തളത്തില്‍ മാത്രമാണ് ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നത്. 1949 ഡിസംബറില്‍ മാത്രമാണ് പ്രധാന മന്ദിരത്തിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത്.
  • 1949 ഡിസംബര്‍ 23-ാം തീയതി പ്രധാന മന്ദിരത്തിലേക്ക് കടന്നുകയറി വിഗ്രഹം സ്ഥാപിച്ചതിലൂടെയാണ് ഹിന്ദു വിഭാഗത്തിന് അതിന്മേല്‍ കൈവശമുണ്ടാകുന്നത്. അതിക്രമിച്ച് കയറിയുണ്ടാക്കിയ കൈവശം നിയമസാധുതയുള്ളതല്ല.
  • ഏറെ നൂറ്റാണ്ടുകള്‍ക്ക്ശേഷം ബാബറുടെ പ്രവര്‍ത്തനങ്ങളുടെ നിയമസാധ്യത വിലയിരുത്തുക അസാധ്യമാണ്.
  • ബാബാറി മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നത് ഇസ്ലാമിക് കല്‍പ്പനകള്‍ പ്രകാരമാണോയെന്ന മതപരമായ പരിശോധന നടത്താന്‍ കോടതിക്ക് കഴിയുന്നതല്ല.
  • പള്ളിയുടെ നിര്‍മ്മാണം ചരിത്രവസ്തുതകളുമായി ബന്ധപ്പെട്ടതാണ്, മതപരമല്ല. അതിന്റെ നിയമസാധുതകള്‍ ആ വിധത്തിലാണ് പരിശോധിക്കേണ്ടത്.
  • ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. ഒരു ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് വ്യക്തമായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അഭിപ്രായപ്രകടനം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.
  • 1950 ലെ കേസില്‍ ഹിന്ദുക്കള്‍ ആരാധന നടത്തുവാനുള്ള അവകാശം മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. ഭൂമിയുടെമേല്‍ അവകാശം ഉന്നയിച്ചിരുന്നില്ല. രാമനുവേണ്ടി 1989 ല്‍ ഫയല്‍ ചെയ്ത കേസിലാണ് ഭൂമിയുടെ അവകാശം ഉന്നയിക്കപ്പെട്ടത്.
  • ഒരിക്കല്‍ മുസ്ലിം പള്ളിയായിരുന്നത് എക്കാലവും മുസ്ലിംപള്ളി തന്നെയാണ്. ഒരു മുസ്ലിം പള്ളിയെ ഉപേക്ഷിക്കുന്ന സങ്കല്‍പം ഇസ്ലാമിനില്ല. 1950 ന് ശേഷമാണ് മോസ്കില്‍ നമാസ് നടത്തുന്നത് അവസാനിച്ചത്. ജില്ലാ മജിസ്ട്രേറ്റ് അന്ന് ആ സ്ഥലം ഏറ്റെടുത്തതോടുകൂടി ആയിരുന്നു അത്.
  • ഉത്തര്‍പ്രദേശിലെ സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ദവാന്‍, ശേഖര്‍ നതാടെ, മീനാക്ഷി അറോറ എന്നിവരാണ് കോടതിയില്‍ വാദമുഖങ്ങള്‍ ഉന്നയിച്ചത്.
  • സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ കക്ഷികളില്‍ ഒരു വിഭാഗം ആയിരുന്ന ഷിയ മുസ്ലിമുകള്‍ സ്ഥലത്തിനുമേലുള്ള അവകാശങ്ങള്‍ ഒഴിഞ്ഞ് ഹിന്ദുക്കള്‍ക്ക് ഭൂമി കൈമാറുവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡ് ഷിയാകളുടെ ഈ നീക്കത്തെ കോടതിയില്‍ എതിര്‍ത്തു. ഷിയ വിഭാഗക്കാര്‍ക്ക് ഭൂമിയില്‍ യാതൊരു അവകാശവും ഇല്ല എന്നായിരുന്നു വഖഫ് ബോര്‍ഡിന്‍റെ വാദം. ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ ആവിധത്തിലൊരു നിലപാട് ഷിയാകള്‍ സ്വീകരിച്ചില്ല എന്ന് വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ പറഞ്ഞു.

സാഹിത്യകൃതികള്‍ ഉള്‍പ്പെടെ നിരവധി രചനകള്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടു. ബാബര്‍നാമ, തുളസിദാസിന്റെ രാമചരിതമാനസം, രാമായണം, സ്കന്ദപുരാണം എന്നിവയിലെ ഭാഗങ്ങള്‍ യൂറോപ്യന്‍ മിഷണറിയായ ജോസഫ് ഡിഫന്‍ ഹാലറുടെ രചനകള്‍, 1854ലെ ഈസ്റ്റിന്ത്യാകമ്പനിയുടെ ഗസറ്റര്‍, എ.ഇ. കണ്ണിങ് ഹാം, മോണ്ട്ഹോബറി മാര്‍ട്ടിന്‍ എന്നിവരുടെ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ് ചരിത്രകാരനായ വില്യം ഫിന്‍ച്ചിന്റെ യാത്രാവിവരണം തുടങ്ങിയവയെല്ലാം വാദത്തിനിടെ കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയുണ്ടായി.

പള്ളി തകര്‍ക്കപ്പെട്ടത് കടുത്ത നിയമ ലംഘനമെന്ന് സുപ്രീംകോടതി

ബാബറുടെ ഇന്ത്യാ ആക്രമണത്തിന്ശേഷം നിര്‍മ്മിക്കപ്പെട്ട ബാബറി മസ്ജിദ് സംബന്ധിച്ച് സുപ്രധാന നിരീക്ഷണങ്ങളാണ് വിധിയില്‍ ജഡ്ജിമാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. 1934ല്‍ ബാബറി മോസ്കിന് നാശനഷ്ടങ്ങള്‍ ഉണ്ടായതായി സുപ്രീംകോടതി നിരീക്ഷിച്ചു. 1949ല്‍ പ്രധാന കെട്ടിടത്തിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടു.

ഹൈന്ദവ വിഗ്രഹം സ്ഥാപിക്കപ്പെട്ടതിലൂടെ മോസ്ക്ക് അപവിത്രമായി മാറി. 1949 ഡിസംബര്‍ 22, 23 തിയ്യതികളിലെ രാത്രികളില്‍ ആണ് ഇത് സംഭവിച്ചത്. അതോടെ ആ സ്ഥലത്തിന്റെ കൈവശ അവകാശത്തില്‍ നിന്നും മുസ്ലിംങ്ങള്‍ ഒഴിവാക്കപ്പെട്ടു. ഈ നടപടി ഏതെങ്കിലും നിയമസാധുതയുള്ള അധികാര കേന്ദ്രങ്ങളിലൂടെ നിര്‍വ്വഹിക്കപ്പെട്ടത് ആയിരുന്നില്ല. 1898 ലെ സി.ആര്‍.പി.സിയുടെ 145 സെക്ഷന്‍ പ്രകാരം പിന്നീട് നടപടികള്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ ഈ സ്ഥലം ഏറ്റെടുക്കപ്പെടുകയും റിസീവറുടെ കയ്യില്‍ എത്തിച്ചേരുകയുമാണ് ഉണ്ടായത്. അങ്ങനെ ഈ നിര്‍മ്മാണങ്ങളുടെ അകത്തളം ഉള്‍പ്പെട്ട ഭാഗങ്ങള്‍ റിസീവറുടെ കയ്യിലായി. അതിനുള്ളില്‍ ഹിന്ദുവിഗ്രഹ പൂജയ്ക്ക് അനുമതിയും ലഭിച്ചു. കേസിന്റെ തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ് ഈ മോസ്ക്ക് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടത്. 450 വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ടു എന്ന് ഉറപ്പുള്ള മോസ്ക്കില്‍ നിന്നും മുസ്ലിങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയായിരുന്നു എന്ന് വിധിയില്‍ പറയുന്നു.

ചെയ്ത തെറ്റുകള്‍ക്ക് പരിഹാരമുണ്ടാകുന്നു എന്ന് ഉറപ്പാക്കണമെന്നും വിധിയില്‍ പറയുന്നു.

നിയമവാഴ്ചയ്ക്ക് പ്രതിജ്ഞാബദ്ധമായ ഒരു മതേതര രാജ്യത്ത് സംഭവിച്ച ഈ വീഴ്ചകള്‍ക്ക് പരിഹാരം ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →